SignIn
Kerala Kaumudi Online
Friday, 12 June 2026 1.33 AM IST

തിര.തോൽവിക്ക്  കാരണം സി.പി.എം സംസ്ഥാന നേതൃത്വവും സെക്രട്ടറിയും, പാർട്ടി  റിവ്യൂ  റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും  കുഞ്ഞികൃഷ്ണനും

a

27 സ്ഥാനാർത്ഥികളെ നേതൃത്വം
അടിച്ചേൽപ്പിച്ചു, 24പേർ തോറ്റു

കണ്ണൂർ: റിവ്യൂ റിപ്പോർട്ടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളായിചൂണ്ടിക്കാട്ടിയതല്ല വാസ്തവമെന്ന് പാർട്ടി വിമതരായി മത്സരിച്ച് എം.എൽ.എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിക്ക് കാരണം ജില്ലാ കമ്മിറ്റിയല്ല. കീഴ്ഘടകങ്ങളുടെ എതിർപ്പ് അവഗണിച്ച് സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ച സംസ്ഥാന നേതൃത്വമാണ്. ജില്ലാ സെക്രട്ടേറിയറ്റിൽ തളിപ്പറമ്പിലെ സ്ഥാനാർത്ഥിയെ ഭൂരിഭാഗം പേരും എതിർത്തിരുന്നു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായം ഉയർന്നു. ജില്ലാ കമ്മിറ്റിയിലെ രണ്ടോ മൂന്നോ പേർ ഒഴികെ ബാക്കിയെല്ലാവരും സ്ഥാനാർത്ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ പാർട്ടി ഘടകങ്ങൾ അംഗീകരിക്കാത്ത 27 സ്ഥാനാർത്ഥികളെയാണ് നേതൃത്വം അടിച്ചേൽപ്പിച്ചതെന്നും അതിൽ 24 പേരും പരാജയപ്പെട്ടെന്നും ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

താഴെത്തട്ടിൽ നിന്നുള്ള ചർച്ചകൾ കേട്ടാണ് റിവ്യൂ തയ്യാറാക്കിയതെന്ന എം.വി. ഗോവിന്ദന്റെ അവകാശവാദം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. കീഴ്ഘടകങ്ങൾ ഉന്നയിച്ച വിമർശനങ്ങളൊന്നും റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ന്യൂനപക്ഷ വിശ്വാസം നഷ്ടപ്പെടാൻ കാരണമായി. സന്ദേശം ചോദിച്ച് വാങ്ങാതെ എങ്ങനെ ലഭിക്കും. പി.എം. ശ്രീ പദ്ധതി ഒപ്പുവെക്കൽ, വി.സി നിയമന വിവാദങ്ങൾ, ലാവ്‌ലിൻ കേസ് നീണ്ടുപോകുന്നത്,​ ഇതെല്ലാം ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.

ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായ അഭിപ്രായങ്ങൾ മാനിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ അതുകൊണ്ട് എന്ത് പ്രയോജനമെന്ന് വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. തെറ്റായ തീരുമാനങ്ങൾ കീഴ്ഘടകങ്ങൾ എടുക്കുന്നുണ്ടെങ്കിൽ അത് തിരുത്താനുള്ള ബാധ്യത സംസ്ഥാന കമ്മിറ്റിക്കാണ്. എന്നാൽ രണ്ട് മണ്ഡലങ്ങളിൽ തെറ്റ് പറ്റിയെന്ന് പറയുന്നതല്ലാതെ എന്താണ് തെറ്റ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പാർട്ടി രൂപീകരണം: ചർച്ചകൾ നടന്നിട്ടില്ല
പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് തനിക്കും കുഞ്ഞികൃഷ്ണനും ഇടയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, യു.ഡി.എഫിന്റെ ഭാഗമായ സ്വതന്ത്ര എം.എൽ.എമാരാണ് തങ്ങളെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. തളിപ്പറമ്പിൽ മുൻ എം.എൽ.എ എം.വി. ഗോവിന്ദൻ ആരംഭിച്ച പദ്ധതികൾ തുടരും. എം.വി. ഗോവിന്ദൻ നേതൃത്വം നല്കിയ ഹാപ്പിനസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA