
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് സി.പി.എം നേതാക്കളുടെ പെരുമാറ്റവും കാരണമായെന്ന് സി.പി.എം അവലോകന റിപ്പോർട്ട്. നേതാക്കളുടെയും പ്രവർത്തകരുടെയും
പെരുമാറ്റത്തെ കുറിച്ച് വ്യാപക പരാതികളുണ്ട്.
'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ടെ'ന്ന പ്രചരണ വാചകം ആകർഷകമായില്ല. പ്രകടന പത്രികയ്ക്കും ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും ആഡംബര ശൈലിയും അവമതിപ്പുണ്ടാക്കി.
നേതാക്കളും പ്രവർത്തകരും പെരുമാറ്റം നന്നാക്കുകയും ജനങ്ങളുമായി കൂടുതൽ സൗഹൃദം കാത്തുസൂക്ഷിക്കുകയും വേണം.
സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ ജനങ്ങളെ സ്വാധീനിച്ചു. തളിപ്പറമ്പിലേയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനും വീഴ്ചയുണ്ടായി. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് നേതൃത്വം അംഗീകാരം നൽകി. വിമതന്മാർ മത്സരിച്ചതോടെ പാർട്ടിയുടെ മതിപ്പ് കുറഞ്ഞു.
തോൽപ്പിച്ചത് സി.പി.ഐ
സി.പി.ഐ മത്സരിച്ച ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം സി.പി.ഐയിൽ നിലനിന്ന സംഘടനാ പ്രശ്നങ്ങളാണെന്ന് സി.പി.എം അവലോകന റിപ്പോർട്ട്. ഇടതു മുന്നണിക്ക് വലിയ സ്വാധീനമുളള മണ്ഡലങ്ങളാണ് ചാത്തന്നൂരും ചടയമംഗലവും. പി.എം ശ്രീയിലും സി.പി.ഐയെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇതു സംബന്ധിച്ച വിവാദം ബി.ജെ.പിയുമായി ഡീൽ ഉണ്ടെന്ന യുഡിഎഫ് പ്രചരണത്തിനിടയാക്കി. ഘടകകക്ഷികൾ മത്സരിച്ച കൽപ്പറ്റ, എലത്തൂർ, കുട്ടനാട്, കോവളം തുടങ്ങിയ സീറ്റുകളിലെ പരാജയത്തിനിടയാക്കിയത് സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മയാണ്. എന്നാൽ എല്ലാ മണ്ഡലത്തിലും പരാജയപ്പെട്ട കേരളാ കോൺഗ്രസ് എമ്മിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
പാർട്ടിയുടെ ഭാവി പ്രവർത്തനത്തിന് കർമ്മ പദ്ധതി തയാറാക്കാനുള്ള തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപതിനായിരത്തോളം നിർദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്. സി.പി.എം വെബ്‌സൈറ്റ്, ഇ മെയിൽ, വാട്ട്സഅപ്പ് എന്നിവ വഴി പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |