
പാവറട്ടി (തൃശൂർ): വാക്കുതർക്കത്തിനിടെ, ലഹരിക്ക് അടിമയായ മകൻ അച്ഛനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വെങ്കിടങ്ങ് മുനമ്പ് ഉന്നതിയിൽ വേലിയത്ത് വീട്ടിൽ കുമാരൻ (80) ആണ് മരിച്ചത്. മകൻ പ്രജീഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.20നായിരുന്നു സംഭവം. മത്സ്യബന്ധന തൊഴിലാളിയായ കുമാരൻ സമീപത്തുളള കനോലിപ്പുഴയിൽ
ചൂണ്ടയിടാൻ പോയി തിരികെ വീട്ടിലെത്തിയപ്പോൾ മകനുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ പ്രജീഷ് വെട്ടുകത്തി കൊണ്ട് കുമാരൻ്റെ തലയ്ക്കും കഴുത്തിലും വെട്ടുകയുമായിരുന്നു. ഗുരുതരമായി മുറിവേറ്റ കുമാരനെ വെങ്കിടങ്ങിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. തലയുടെ വലതുഭാഗത്തേറ്റ ആഴത്തിലുള്ള മുറിവും രക്തം വാർന്നതുമാണ് മരണകാരണമെന്നാണ് നിഗമനം. വെട്ടിയശേഷം കത്തിയുമായി പുറത്തേക്കോടിയ പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. പാവറട്ടി പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പ്രജീഷ് ലഹരിക്ക് അടിമയാണെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഭാര്യ: രംഭ. മറ്റുമക്കൾ: ജയപ്രസാദ്, പ്രജിത, പ്രനീത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |