
തിരുവനന്തപുരം: വന്യമൃഗശല്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുതിർന്ന സി.പി.എം നേതാവ് എം.വിജയകുമാർ ആവശ്യപ്പെട്ടു. കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളകൗമുദിയോട് സംസാരിക്കുന്നു. കർഷക ആവശ്യങ്ങൾ നടപ്പിലാക്കാത്ത കേന്ദ്രത്തിനെതിരെ ഇനിയും കർഷകസമരം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
? കർഷകർ വലിയരീതിയിൽ ബുദ്ധിമുട്ട് നേരിടുന്നു. കർഷക സംഘത്തിന് എന്ത് ചെയ്യാനാകും
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ, കടത്തിൽ ജനിച്ച് കടത്തിൽ വളർന്ന്, കടം കൊണ്ട് ആത്മഹത്യ ചെയ്യുന്നവരായി കർഷകർ മാറി. കേന്ദ്രനയം പൂർണമായും കർഷകവിരുദ്ധമാണ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് ഇതുവരെയും നടപ്പാക്കിയില്ല. കൃഷി കുത്തകവത്കരിക്കാനും കമ്പോളവത്കരിക്കാനുമാണ് ശ്രമം. കർഷകസമരത്തിൽ നൽകിയ ഉറപ്പ് പാലിക്കാനായിട്ടില്ല. തുടർപ്രക്ഷോഭം നടത്താനാണ് ദേശീയതലത്തിലെ തീരുമാനം.
? കേരളത്തിൽ നാണ്യവിളകൾക്ക് വില ലഭിക്കുന്നില്ലെന്നതും പ്രധാന പ്രശ്നമാണല്ലോ ?
നാണ്യവിളകൾക്ക് വലിയ തകർച്ചയാണുണ്ടായത്. നാണ്യവിളകളെയും മറ്റ് കൃഷിവിളകളെയും ബാധിക്കുന്ന തരത്തിലാണ് സ്വതന്ത്രവ്യാപാര കരാർ കേന്ദ്രസർക്കാർ ഉണ്ടാക്കുന്നത്. ഇതോടെ കാർഷിക മേഖല പൂർണമായും തകരും. ക്ഷീരമേഖലയിലടക്കം എല്ലാ കാർഷിക മേഖലകളിലും വലിയ പ്രതിസന്ധിക്ക് കാരണമാകും.
? കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
കൃഷിയിലേക്ക് കൂടുതൽ പേരെയെത്തിക്കാനുള്ള ശ്രമമാണ് കഴിഞ്ഞവർഷങ്ങളിൽ കർഷകസംഘം നടത്തിയത്. പിണറായി സർക്കാർ ബദൽ കാർഷിക നയം മുന്നോട്ട് വച്ചു. കാർഷികമേഖലയോട് പ്രകടമായി താത്പര്യമില്ലാത്ത രീതിയാണ് ഈ സർക്കാരിന്റേത്.
? കൃഷി ഉപേക്ഷിക്കാൻ വന്യമൃഗശല്യം ഒരു കാരണമല്ലേ
നാട്ടിൻപുറങ്ങളിലേക്കും നഗരങ്ങളിലേക്കും വനമൃഗശല്യം വ്യാപിച്ചു. കൃഷി വൻതോതിൽ നശിക്കുന്നു. സംസ്ഥാന സർക്കാർ ഒഴിഞ്ഞുമാറി നിൽക്കാതെ അടിയന്തരമായി ഇടപെടണം. അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന നിയമത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ആ നിയമം സർക്കാർ ഏറ്റെടുക്കണം.
? തിരഞ്ഞെടുപ്പ് പരാജയത്തിന് കർഷകരുടെ അതൃപ്തി കൂടി ഇടയാക്കിയെന്ന് സി.പി.എം അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നല്ലോ?
കർഷകരുടെ വലിയ പ്രസ്ഥാനമാണ് കർഷക സംഘം. കർഷകരെ അനുകൂലമാക്കി മാറ്റാനായില്ല എന്നത് വാസ്തവമാണ്. മാറ്റിയിരുന്നെങ്കിൽ ഇടതുമുന്നണിക്ക് വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. അതിലും തിരുത്തലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |