
തിരുവനന്തപുരം: താരപ്പകിട്ടിലായിരുന്നു പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി. കാപ്പിപൊടി കളറിലുള്ള ഷർട്ടും കറുത്ത പാൻസും ധരിച്ച് കൈയിൽ ഫയലുമായി എത്തിയ പിഷാരടി രാവിലെ സഭയിൽ പ്രവേശിച്ച ഉടൻ സഹപ്രവർത്തകരുമായി സൗഹൃദം പങ്കിട്ടു. 86-ാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ളീഷിൽ സത്യവാചകം ചൊല്ലി ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്.
മുഴുവൻ സമയവും പാലക്കാടിന് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാവാനാണ് തീരുമാനം. സിനിമ, ചാനൽ, സ്റ്റേജ് ഷോകൾ തുടങ്ങിയ കലാപ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് പൊതുരംഗത്തേക്ക് ഇറങ്ങിയത്. പരിപാടികൾ തത്കാലത്തേക്ക് ഒഴിവാക്കും. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് പ്രധാനം. മണ്ഡലത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനമാണ് മനസിലുള്ളത്.
ബുധനാഴ്ച തലസ്ഥാനത്തെത്തിയ പിഷാരടി ചൈത്രം ഹോട്ടലിലാണ് താമസം. എം.എൽ.എ ഹോസ്റ്റൽ അനുവദിച്ചു കിട്ടിയിട്ടില്ല. വൈകിട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |