
കഴക്കൂട്ടം: കാര്യവട്ടം പേരൂരിന് സമീപം യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അണിയൂർ ക്ഷേത്രത്തിനടുത്ത് കുന്നുംപുറം ലൈനിൽ താമസിക്കുന്ന രാജീവ് കുമാർ (49) ആണ് മരിച്ചത്. പ്രദേശത്ത് സ്ഥിരമായി എത്താറുള്ള രാജീവ് കുമാർ കാറിനുള്ളിൽ എസി ഓൺ ചെയ്ത ശേഷം ഉറങ്ങവെ കാർബൺ മോണോക്‌സൈഡ് ശ്വാസിച്ചതാവാം മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മണ്ണുമാറ്റി നിരപ്പാക്കിയ പുരയിടത്തിൽ കളിക്കാനെത്തിയ കുട്ടികളാണ് ഇന്നലെ ഉച്ചയോടെ കാറിനുള്ളിൽ ഒരാൾ അബോധാവസ്ഥയിലുള്ളത് ആദ്യം കണ്ടത്. കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. കാറിന്റെ ഗ്ലാസ് തകർത്ത് പരിശോധിച്ചപ്പോഴേക്കും രാജീവ് കുമാർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് രാജീവ് കുമാർ മൈതാനത്ത് കാർ പാർക്ക് ചെയ്തത്. അന്ന് അവിടെ കളിക്കാനെത്തിയ കുട്ടികളോട് ഇയാൾ സംസാരിച്ചിരുന്നതായും വിവരമുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ഒലീന ജയ്പൂരിൽ ജിയോളജിസ്റ്റാണ്. മക്കൾ: മാനവ്, മീനാക്ഷി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |