
കൊല്ലം: അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് കോൺഗ്രസുകാർ അടിച്ചുതകർത്ത്, ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും രംഗത്തെത്തി. പ്രകടനത്തിനിടയിൽ തങ്ങളുടെ നാല് പ്രവർത്തകർ കോൺഗ്രസ് ഓഫീസിന് മുന്നിലെ ഫ്ളക്സ് ബോർഡ് തകർത്ത ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെതിരെ ആരോപണമുന്നയിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടോടെ പ്രതിഷേധ പ്രകടനത്തിനിടെ, നാല് പ്രവർത്തകർ അഞ്ചാലുംമൂട് സി.കെ.പി ജംഗ്ഷനിലെ രണ്ടാം നിലയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലെ ബിന്ദുകൃഷ്ണയുടെ ബോർഡ് തകർത്തിരുന്നു. ഈ ദൃശ്യങ്ങളാണ് നേതാക്കൾ പുറത്തുവിട്ടത്. ഗതാഗതം തടസപ്പെടുത്തിയതിന് മാത്രമായിരുന്നു ആദ്യം കേസെടുത്തത്.
എന്നാൽ ഓഫീസ് ആക്രമിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയതോടെ, ഓഫീസ് അടിച്ചുതകർത്തുവെന്ന് കാട്ടി 10 ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
ഓഫീസിനുള്ളിലെ കൊടിതോരണങ്ങൾ, മേശ, കസേര, കമ്പ്യൂട്ടർ എന്നിവ നശിപ്പിച്ചതിന് പുറമേ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചിത്രം ഭിത്തിയിൽ നിന്ന് വലിച്ചിളക്കി താഴെയിട്ടു, ഓഫീസ് രേഖ നശിപ്പിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഓഫീസിനുള്ളിലേക്ക് പ്രവർത്തകർ കയറിയിട്ടില്ലെന്നാണ് ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |