SignIn
Kerala Kaumudi Online
Sunday, 25 October 2026 6.12 PM IST

'വർഗീയ വിദ്വേഷം വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെ കാണുന്നു, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി'

ramesh-chennithala
വ്ലോഗർ അമൃത് സിംഗ് ഡാരൻ,​ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫോർട്ട് കൊച്ചിക്കെതിരായ നോർത്ത് ഇന്ത്യൻ വ്ലോഗറുടെ വിദ്വേഷ പ്രചരണത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആവിഷ്‌കാര സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടതാണെന്നും അത് സമൂഹത്തിൽ ഭിന്നതയും വർഗീയ വിദ്വേഷവും പടർത്താനുള്ള ഉപാധിയാകരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി വർഗീയ സംശയവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കും. ഈ വിഷയത്തിൽ വ്ലോഗർ അമൃത് സിംഗ് ഡാരനെതിരെ ഫോർട്ട് കൊച്ചി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോർട്ട് കൊച്ചിയിൽ നിറയെ മുസ്ലിങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും പറഞ്ഞ് വീഡിയോ പങ്കുവച്ച സംഭവത്തിൽ ഇന്നലെ ഉത്തരേന്ത‍്യൻ വ്ലോഗർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വ്ലോഗറായ അമൃത് സിംഗ് ഡാരനെതിരെയാണ് ബിഎൻഎസ് 353(2), 192 വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

താനിപ്പോൾ കേരളത്തിലാണെന്നും ഇത് പറഞ്ഞതിന്റെ പേരിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേരള സർക്കാരാണെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു. കേരളത്തിൽ മുഴുവൻ ബീഫാണെന്നും കൂടുതലും മുസ്ലിങ്ങളാണെന്നും പറയുന്ന വ്ലോഗർ കേരളം കൈവിട്ട് പോയെന്നും കേന്ദ്രം എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫോർട്ട് കൊച്ചിയിൽ കാശി എന്ന കഫേയിൽ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും മെനുവിൽ മുഴുവൻ ബീഫ് വിഭവങ്ങളായിരുന്നുവെന്നും ഇയാളുടെ ആരോപിച്ചിരുന്നു. ജിന്നയ്ക്ക് ഭാരതത്തിൽ എന്താണ് കാര്യം. ജിന്ന ഭാരതത്തോട് എന്താണ് ചെയ്തതെന്ന് അറിയാമോ? ജിന്ന ഗാന്ധിക്കും നെഹ്‌റുവിനുമൊപ്പം ഭാരതത്തെ കീറിമുറിച്ചു. ജിന്നയും ഗാന്ധിയും നെഹ്‌റുവും കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കൾക്കും സിഖുകൾക്കും ജീവൻ നഷ്ടപ്പെട്ടു. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ വ്ലോഗർക്കെതിരെ രൂക്ഷവിമർശമുയർന്നിരുന്നു.

English Summary

Ramesh Chennithala condemned a North Indian vlogger’s hate campaign against Fort Kochi, stating that freedom of expression must be exercised responsibly and should not be used to spread communal hatred or social divisions. He shared his response through a Facebook post.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA, NORTH INDIAN INFLUENCER, COMMUNAL REMARKS, FORT KOCHI INFLUENCER CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA