
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഗൂഢാലോചന കണ്ടെത്താൻ ഡിജിറ്റൽ അന്വേഷണവുമായി എസ്.ഐ.ടി. പ്രതികളുടെയും സ്ഥലത്തുണ്ടായിരുന്ന സി.പി.എം നേതാക്കളുടെയുമടക്കം ഫോൺവിളി വിവരങ്ങളും സന്ദേശങ്ങളും പരിശോധിക്കും. അക്രമത്തിന് ആഹ്വാനം ചെയ്തെന്ന് കണ്ടെത്തിയാൽ നേതാക്കളെ പ്രതിയാക്കും. കല്ലും കട്ടയും വടികളും എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയം. പ്രതികളെ ആക്രമണത്തിന് വിളിച്ചുവരുത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളുടെയടക്കം മൊബൈൽ ഫോൺ പൊലീസിന് കിട്ടിയിരുന്നു. ഇവ തെളിവായി കോടതിയിൽ നൽകും. ഈ ഫോണുകളിലെ വിവരങ്ങൾ ശേഖരിക്കാനും ശ്രമിക്കുന്നുണ്ട്. മുന്നൂറോളം പേർക്കെതിരെയാണ് കേസ്. 26പേർ അറസ്റ്റിലായി. ആക്രമണത്തിൽ നേരിട്ട് പങ്കുള്ള 15പേരെക്കൂടി തിരിച്ചറിഞ്ഞു.
പിടിയിലായവർക്ക് വേഗത്തിൽ കുറ്റപത്രം നൽകും. കൂടുതൽ പ്രതികളെ അടുത്തഘട്ടത്തിൽ പിടികൂടും. ഇവർക്ക് പിന്നീട് കുറ്റപത്രം നൽകും. എല്ലാ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. അതിനായി റിമാൻഡ് കാലാവധി നീട്ടാനും ആവശ്യപ്പെടും. ആക്രമണം തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിടുന്ന മ്യൂസിയം എസ്.എച്ച്.ഒ ആർ.പ്രശാന്ത് അന്വേഷണച്ചുമതല ഒഴിയാൻ സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന് കത്ത് നൽകിയിരുന്നു. ചുമതലയുള്ള സ്റ്രേഷൻ ഹൗസ് ഓഫീസർക്ക് അന്വേഷണത്തിൽ നിന്ന് ഒഴിയാനാവില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
'പ്രകോപന മൊഴിയിൽ" സംശയം
പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സ്വമേധയാ ആക്രമണം നടത്തിയെന്നാണ് പ്രതികളുടെ മൊഴി. നേതാക്കൾ ഗൂഢാലോചനയിൽ കുടുങ്ങുന്നത് ഒഴിവാക്കാനാണ് സമാന മൊഴി എല്ലാവരും നൽകുന്നതെന്നാണ് വിലയിരുത്തൽ. വധശ്രമം, കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം കുറ്റങ്ങളാണ് ചുമത്തിയത്. മൂന്നരലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ തുക കെട്ടിവച്ച് ജാമ്യത്തിന് ശ്രമിച്ചാലും പ്രൊസിക്യൂഷൻ എതിർക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |