SignIn
Kerala Kaumudi Online
Friday, 04 September 2026 2.00 AM IST

മയക്കുമരുന്നിന് കള്ളപ്പണം: 4 സംസ്ഥാനങ്ങളിൽ പരിശോധന , കേരളത്തിൽ ഇ.ഡി റെയ്ഡ് നാലിടത്ത്

READ ENGLISH VERSION
1
1

കൊച്ചി: മയക്കുമരുന്ന് ഇടപാടുകളിലെ കള്ളപ്പണ വിനിയോഗം കണ്ടെത്താൻ കേരളം, തമിഴ്നാട്, കർണാടകം, തെലങ്കാന സംസ്ഥാനങ്ങളിലെ 30 കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കേരളത്തിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി നാലു കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ വിവിധ രേഖകൾ പിടിച്ചെടുത്തു.

പാലക്കാട്ട് ഒറ്റപ്പാലം തൃക്കടീരി സ്വദേശി ഹരികൃഷ്‌ണൻ, മുണ്ടൂർ ബുധനൂർ സ്വദേശി അബു താഹിർ, കോഴിക്കോട്ട് എരഞ്ഞിപ്പാലം നാഗത്താൻ പറമ്പ് ജഗത്, ബാലുശേരി ഉണ്ണികുളം സ്വദേശി ജയ്‌സൽ എന്നിവരുടെ വീടുകൾ റെയ്ഡ് ചെയ്തു. ഇവർ ഹൈബ്രിഡ് കഞ്ചാവ് കടത്ത് ഉൾപ്പെടെ മയക്കുമരുന്ന് കേസുകളിൽ പിടിയിലായവരാണ്. ഇന്നലെ രാവിലെ എട്ടോടെ സി.ആർ.പി.എഫ് സുരക്ഷയിൽ ആരംഭിച്ച റെയ്ഡ് വൈകിട്ടുവരെ നീണ്ടു.

തമിഴ്നാട്ടിലെ രാമനാഥപുരത്ത് 2024ൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ 1.47 കിലോ മെത്താംഫെറ്റാമിൻ പിടികൂടിയ കേസുമായി ബന്ധപ്പെട്ട്, ശ്രീലങ്കൻ സ്വദേശികളായ എൻ. അജിതൻ, മധുസൂദനൻ എന്നിവരുടെ ക്യാമ്പ് റെയ്ഡ് ചെയ്‌തു. ചെന്നൈയിൽ വിവിധ സ്ഥലങ്ങളിലും പരിശോധന നടന്നു.

തെലങ്കാനയിൽ പൊലീസ് രജിസ്റ്റർ ചെയ്‌‌ത മൂന്ന് കേസുകളിലെ പ്രതികളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഒഡീഷയിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് ഹൈദരാബാദിൽ വിൽക്കുന്ന വൻസംഘത്തിന്റെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചു. ആറുവർഷം കൊണ്ട് സംഘം സമ്പാദിച്ച സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു.

കർണാടകയിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജയണ്ണ എന്ന മൃത്യുഞ്ജയയുടെ സംഘത്തിന്റെ കേന്ദ്രങ്ങളാണ് റെയ്ഡ് ചെയ്തത്.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും പൊലീസും രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ തുടർച്ചയായിരുന്നു ഇന്നലത്തെ റെയ്ഡുകൾ.

നശാമുക്ത് ഭാരത്

കേന്ദ്രം നടപ്പാക്കുന്ന നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമാണ് റെയ്ഡെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. വിദേശത്തുനിന്നുൾപ്പെടെ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾ ഇടപാടുകൾക്ക് കള്ളപ്പണം വിനിയോഗിക്കുന്നതിന്റെ വിവരങ്ങൾ പരിശോധനയിൽ ലഭിച്ചു. ബാങ്ക് രേഖകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARCOTIC ED RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA