SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

മാസപ്പടിയിലെ അഴിമതിക്കേസ് : ഇ.ഡി അടിയന്തര നടപടിക്കില്ല; സമൻസ് പിൻവലിക്കില്ല

s

കൊച്ചി: മാസപ്പടിയിലെ അഴിമതിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റുമെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് അടിയന്തര നടപടികൾ സ്വീകരിക്കില്ല. സമൻസ് പിൻവലിക്കില്ലെങ്കിലും, സുപ്രീം കോടതി നിർദ്ദേശപ്രകാരം ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കും.

അന്വേഷണത്തിൽ സുപ്രീം കോടതി ഇടപെടാത്തതും വിജിലൻസ് രജിസ്‌റ്റർ ചെയ്‌ത എഫ്.ഐ.ആർ റദ്ദാക്കാത്തതും അനുകൂലമായാണ് ഇ.ഡി വിലയിരുത്തുന്നത്. അന്വേഷണനടപടികൾ തുടരാനാണ് തീരുമാനം.

നാളെ കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാൻ പിണറായി വിജയന് നൽകിയ സമൻസ് പിൻവലിക്കില്ല. ഹാജരാകാൻ സാദ്ധ്യത ഇല്ലെങ്കിലും, ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കുന്നതിനാൽ പുതിയ സമൻസ് നൽകുന്നത് വൈകിയേക്കും.

കേസ് വീണ്ടും ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോൾ വിശദമായ വാദങ്ങൾ ഇ.ഡി ഉന്നയിക്കും. കൂടുതൽ തെളിവുകൾ സമർപ്പിച്ച് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തുള്ള അന്വേഷണം ആവശ്യമാണെന്ന് വാദിക്കും.

മാസപ്പടിയിൽ ഹവാല ഇടപാടുകളും വിദേശത്തേക്ക് പണം കടത്തലും നടന്നെന്ന് സുപ്രീം കോടതിയിൽ ഇ.ഡി ഇന്നലെ വാദിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് കുറ്റപത്രത്തിന്റെയും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അഴിമതിയിൽ കേസെടുക്കാൻ സംസ്ഥാന പൊലീസിന് റിപ്പോർട്ട് നൽകിയതെന്നും അറിയിച്ചു.

സ്‌പെഷ്യൽ ഡയറക്‌ടർ

വിലയിരുത്തി

ഇന്നലെ കൊച്ചിയിലെത്തിയ ഇ.ഡി ചെന്നൈ സോൺ സ്‌പെഷ്യൽ ഡയറക്‌ടർ പ്രകാശ്‌കുമാർ മാസപ്പടിക്കേസും വിലയിരുത്തി. യൂണിറ്റുകൾ അന്വേഷിക്കുന്ന കേസുകളുടെ പുരോഗതി വിലയിരുത്താൻ ചേരുന്ന പതിവ് യോഗമാണ് ചേർന്നതെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. ഇതിൽ മാസപ്പടിക്കേസിലെ ഭാവിനടപടികളും ചർച്ച ചെയ്‌തു.

ഓരോ യൂണിറ്റുകളും രജിസ്റ്റർ ചെയ്ത കേസുകളിൽ പത്തെണ്ണം മുന്തിയ പ്രാധാന്യം നൽകി അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഡൽഹി ആസ്ഥാനം നിർദ്ദേശിച്ചിട്ടുണ്ട്. സി.എം.ആർ.എൽ, എക്‌സാലോജിക് കേസുകളും ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED SUMMONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA