
ഒഴിവാക്കിയത് ഇ 22,ഇ 25,ഇ 27,ഇ 30 ഇനങ്ങൾക്ക്
ഇ 20 ഇന്ധനത്തിന് തീരുവ തുടരും
ന്യൂഡൽഹി: എഥനോൾ ചേർത്ത പെട്രോളിന്റെ നാലു ഇനങ്ങൾക്ക് കേന്ദ്രസർക്കാർ എക്സൈസ് തീരുവ ഒഴിവാക്കി. ഇ 22,ഇ 25,ഇ 27,ഇ 30 ഇന്ധനങ്ങൾക്ക് തീരുവ ഒഴിവാക്കുന്നുവെന്ന് കഴിഞ്ഞ ദിവസത്തെ വിജ്ഞാപനത്തിൽ ധനകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഏറ്റവുമധികം ഉപയോഗിക്കുന്ന പെട്രോൾ-എഥനോൾ ബ്ലെൻഡ് വേരിയന്റായ ഇ 20 ഇന്ധനത്തിന് തീരുവ ഒഴിവാക്കിയിട്ടില്ല. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 87%വും ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും ലക്ഷ്യമിടുന്നു. ഡൽഹി,മുംബയ്,പുനെ,നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലായി എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യാൻ 100ൽപ്പരം പമ്പുകൾ ആരംഭിക്കാനിരിക്കെയാണ് നീക്കമെന്നത് ശ്രദ്ധേയം. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 500ൽപ്പരം ഇത്തരത്തിലെ പമ്പുകൾ തുറന്നേക്കും. ലോക പരിസ്ഥിതി ദിനമായിരുന്ന ജൂൺ 5ന്, 15% പെട്രോളും 85% എഥനോളും ചേർന്ന ഇ 85 ഇന്ധനം രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയിരുന്നു.
ആ നാലുതരം
1.ഇ22- പെട്രോൾ 78%, എഥനോൾ 22%
2.ഇ25- പെട്രോൾ 75%, എഥനോൾ 25%
3.ഇ27- പെട്രോൾ 73%, എഥനോൾ 27%
4.ഇ30- പെട്രോൾ 70%, എഥനോൾ 30%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |