SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.25 PM IST

മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; പുറത്തെത്തിച്ചത് ഫയർഫോഴ്സ്

agustin-birla

കോഴിക്കോട് : മോഷണശ്രമത്തിനിടെ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. ഇന്ന് രാവിലെ കൊയിലാണ്ടി നന്ദി ബസാർ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് അസാം സ്വദേശിയായ അഗസ്റ്റിൻ ബിർളയെ കണ്ടെത്തിയത്. മണിക്കൂറുകളോളം കിണറ്റിൽ അകപ്പെട്ട കള്ളനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.


ഇന്ന് രാവിലെ വീട്ടമ്മ മുറ്റം അടിക്കാനിറങ്ങിയപ്പോഴാണ് കിണറിന്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി കിണറ്റിലേക്ക് നോക്കിയപ്പോൾ ഒരാൾ അകത്ത് കിടക്കുന്നത് കണ്ട് വീട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും ചെയ്തു. ഫയർഫോഴ്‌സ് റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ചാണ് കള്ളനെ പുറത്തെത്തിച്ചത്. കുളിമുറി വഴി വീടിന്റെ മുകൾ നിലയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.


കിണറ്റിൽ വീണ അഗസ്റ്റിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. നിലവിൽ ഇയാൾക്കെതിരെ മറ്റ് മോഷണക്കേസുകളൊന്നുമില്ലെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. എങ്കിലും, പുലർച്ചെ എന്തിനാണ് ഇയാൾ ഈ വീട്ടിലെത്തിയതെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.


വർഷങ്ങൾക്ക് മുമ്പ് ഇതേ വീട്ടിൽ നിന്ന് 12 പവനോളം സ്വർണം മോഷണം പോയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരും വീട്ടുകാരും അതീവ ജാഗ്രതയിലാണ്. അഗസ്റ്റിൻ ബോധപൂർവ്വം കിണറ്റിൽ ഇറങ്ങിയതാണോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RESCUE, THIEF, LATESTNEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA