SignIn
Kerala Kaumudi Online
Saturday, 12 September 2026 8.52 PM IST

ഐ.ബി റിപ്പോർട്ടിന്റെ സത്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം: കെ.സുധാകരൻ

ee

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന് പിന്നിൽ നിരോധിത സംഘടനയുടെ സാന്നിദ്ധ്യമുണ്ടെന്നും അതു സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നുമുളള മാദ്ധ്യമവാർത്തയുടെ നിജസ്ഥിതി അദ്ദേഹം പുറത്തുവിടണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞു.

നിരോധിത സംഘടനയുടെ സാന്നിദ്ധ്യം ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വാർത്തയിലെ വസ്‌തുത മുഖ്യമന്ത്രി സമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന അഭ്യൂഹങ്ങൾ സ്ഥിതി സങ്കീർണമാക്കും. മാദ്ധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെങ്കിൽ മുഖ്യമന്ത്രി അത് നിഷേധിക്കണം. തെളിവുകൾ ഇല്ലാതെ മത്സ്യത്തൊഴിലാളി സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിറുത്തരുത്. പ്രശ്‌നം വഷളാക്കുന്ന പ്രസ്‌താവനകളാണ് മന്ത്രിമാരും കെ.ടി.ജലീൽ എം.എൽ.എയും നടത്തുന്നത്. വേലിതന്നെ വിളവു തിന്നുകയാണ്. തീവ്ര ഹൈന്ദവ സംഘടനകളും വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. ചർച്ചകൾക്ക് മുഖ്യമന്ത്രി മുൻകൈയെടുക്കണം. വിഴിഞ്ഞത്ത് നടന്നത് വർഗീയ സംഘർഷമാണെന്ന പ്രകോപനപരമായ പ്രസ്താവന മന്ത്രിമാർ നടത്തിയത് തെളിവില്ലാതെയാണെങ്കിൽ അവർക്കെതിരെ കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

അന്വേഷണം നടത്തണം: എസ്.ഡി.പി.ഐ

വിഴിഞ്ഞം സംഘർഷത്തെ കുറിച്ച് കഥകൾ മെനയാതെ സർക്കാർ സമഗ്രമായ അന്വേഷണം നടത്തി തുടർനടപടികൾ എടുക്കുകയാണ് വേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർ.എസ്.എസ് നേതാക്കളുടെ പ്രകോപനപരമായ പ്രസ്‌താവനകളും ഇടപെടലുകളും അന്വേഷിക്കണം. തീരവാസികളുടെ സമരം പൊളിക്കാൻ സി.പി.എമ്മും ആർ.എസ്.എസും ഒന്നിച്ചത് ദുരൂഹമാണ്. തീരത്തെയും തീരവാസികളെയും ഗുരുതരമായി ബാധിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സംഘർഷഭരിതമായത് അന്വേഷിക്കണം. മന്ത്രി വി.അബ്‌ദുറഹ്‌മാനെതിരെ ഫാ.തിയോഡോഷ്യസ് നടത്തിയ വംശീയ പരാമർശം അപലപനീയമാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K. SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA