
ഓണം ഫാഷനെക്കുറിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ജെൻസി സംഭാഷണം
---------------------------------------------------------------------------------------------------------------------------------------
'ബ്രോ, ഹു കെയേഴ്സ് ബ്രാൻഡ്? കംഫർട്ടല്ലേ നമ്മടെ മെയിൻ"...
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബി.എ ഇംഗ്ലീഷ് അവസാനവർഷ വിദ്യാർത്ഥികൾ പറയുന്നു. പഴഞ്ചൻ സ്റ്രൈലുകളെല്ലാം ഔട്ട്. കംഫർട്ട്, തഗ്ഗ് ലുക്ക്. അതാണ് ജെൻസി പിള്ളേരുടെ ചോയ്സ്.
പോക്കറ്റിലൊതുങ്ങുന്ന വിലയിൽ ട്രെൻഡി ഡ്രസുകളുടെ ഔട്ട്‌ലെറ്റുകൾ ഇഷ്ടംപോലുണ്ട്. ചോയ്‌സുകൾ 'സോ മെനി" എന്നാണ് ഫാത്തിമ ഫിദ പറയുന്നത്.
ട്രെൻഡുകൾ മിന്നിമറയുന്ന കാലമാണല്ലോ. ഇൻസ്റ്റഗ്രാമിലെ മിന്നൽ ട്രെൻഡുകൾ കാരണം, വാങ്ങിയ ഡ്രസുകൾ കണ്ണടച്ചു തുറക്കുമ്പോഴേക്കും ഔട്ട്‌ഡേറ്റഡാകുന്നുവെന്ന പരിഭവവും ജെൻസീസ് പങ്കുവയ്ക്കുന്നു.
2000ന്റെ തുടക്കത്തിലെ വൈ 2കെ ഫാഷൻ വീണ്ടും ട്രെൻഡായിട്ടുണ്ട്. (90കളുടെ അവസാനം രൂപംകൊണ്ട ഫാഷൻ ശൈലി. അരയിൽ നിന്ന് താഴ്ന്നു കിടക്കുന്ന ജീൻസും പാന്റ്സും മുറിച്ച ടോപ്പുകൾ, ഇറക്കം കുറഞ്ഞ ടീ ഷർട്ടുകൾ, മെറ്റാലിക് തുണികൾ, കാർഗോ പാന്റ്സുകൾ, വർണാഭമായ മുടിപ്പിന്നുകൾ, ക്ളിപ്പുകൾ, വലിയ ഷൂകൾ, കാൻവാസ് ഷൂകൾ തുടങ്ങിയവയായിരുന്നു വൈ ടു കെ ഫാഷൻ കാലത്തെ വസ്ത്രശൈലികൾ). ഇത്തരം വസ്ത്രങ്ങൾ ധരിക്കാനാണ് ഇഷ്ടമെന്നും ഓണാഘോഷത്തിനു ആദ്യമായി സാരി ഉടുക്കാനുള്ള ഒരുക്കത്തിലാണെന്നും ഫാത്തിമ പറയുന്നു.
വെസ്റ്റേൺ വൈബ് ഇഷ്ടമാണെങ്കിലും 'കംഫർട്ട് ഈസ് ദ കീ". ഇതാണ് മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പായ നിഥികയുടെ തിയറി. വലിയ വില കൊടുക്കാതെ കിട്ടുന്ന ട്രെൻഡി ഐറ്റങ്ങളാണ് ഫേവറിറ്റ്. ഓണം പോലുള്ള ആഘോഷങ്ങൾ വന്നാൽ സാരി ചുറ്റിയുള്ള നാടൻ ലുക്കിലേക്ക് നിഥിക സ്വിച്ച് ചെയ്യും!
സംഗതി കളറാണെങ്കിലും എല്ലാവരും ഒരുപോലെ ഡ്രസിട്ട് ഇറങ്ങുന്നതിനോട് മെറിൻ അലക്‌സാണ്ടർക്ക് താത്പര്യമില്ല. 'വെെബായപ്പോൾ ആഗ്രഹിച്ച് വാങ്ങിയ ചിക്കൻകാരി കുർത്ത, നാട്ടുകാരെല്ലാം ഇട്ടുതുടങ്ങിയതോടെ അലമാരയിൽ പൂട്ടി വയ്ക്കേണ്ടിവന്ന വിഷമത്തിലാണ് പുള്ളിക്കാരി... പാശ്ചാത്യ ലോകം നമ്മുടെ തനത് ഡ്രസുകൾ റീബ്രാൻഡ് ചെയ്ത് ഫാഷനാക്കുന്നത് രസകരമാണെന്നും മെറിൻ പറഞ്ഞു.
'ഫാഷന് എന്ത് ആൺ പെൺ വ്യത്യാസം?"
ചോദ്യം ശ്രേയ സക്കറിയയുടേതാണ്. ജെൻഡർ വ്യത്യാസമില്ലാത്ത 'യുണിസെക്‌സ്" വസ്ത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിംഗ്. റീൽസുകളും ഇൻഫ്‌ളുവൻസർമാരുമാണ് ട്രെൻഡ് സെറ്റേഴ്സ്. വിന്റേജ് ലുക്കുകൾക്കും വൈബ്രന്റ് കളറുകൾക്കുമാണ് ഡിമാൻഡ്.
ഫാസ്റ്റ് ഫാഷന്റെ റേസിന് പിന്നാലെ പോകാതെ പഴയ വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്ന 'ത്രിഫ‌്‌റ്റിംഗ്" ആണ് ഹരിനന്ദനയ്ക്ക് ഇഷ്ടം. ഇത് പരിസ്ഥിതിക്ക് മാസ് ആണ്, പോക്കറ്റിനും... ഹരിനന്ദന പറഞ്ഞു.
ആളുകളെ കാണിക്കാൻ വിലകൂടിയ ലേബലുകൾ ഒട്ടിക്കുന്നതല്ല, സ്വന്തം കംഫർട്ടിലും ഡിഫറന്റ് ലുക്കിലും മാസ് കാണിക്കുന്നതാണ് റിയൽ ഫാഷൻ. ഇതാണ് കൊച്ചിയിലെ ജെൻസിപ്പടയ്ക്കിടയിലെ ട്രെൻഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |