SignIn
Kerala Kaumudi Online
Friday, 12 June 2026 1.33 AM IST

ഡ്യൂട്ടിയാണ് ചെയ്തതെന്ന്  മുൻ ഗൺമാൻമാർ #7മണിക്കൂർ ചോദ്യംചെയ്തു #ആരു പറഞ്ഞിട്ടെന്ന് ചോദ്യം # അറസ്റ്റ് രേഖപ്പെടുത്തിയില്ല

READ ENGLISH VERSION
a

ആലപ്പുഴ: നവകേരളയാത്രയ്ക്കു നേരെ പ്രതിഷേധിച്ച കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏഴുമണിക്കൂറിലധികം പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയില്ല.

ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെയാണ് കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തത്.ആലപ്പുഴ ജില്ലാസെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.

അറിയേണ്ട കാര്യങ്ങൾ ചോദ്യാവലിയായി തയ്യാറാക്കിയായിരുന്നു ഡിവൈ.എസ്.പി ബൈജു.കെ പൗലോസിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യൽ. ഇന്നലെ രാവിലെ 9.40 ഓടെ ക്രൈംബ്രാഞ്ച് ഓഫീസിൽ അഭിഭാഷകനൊപ്പമെത്തിയ ഗൺമാൻമാരെ വെവ്വേറെ ഇരുത്തിയാണ് ചോദ്യം ചെയ്തത്.

ഡ്യൂട്ടിയുടെ ഭാഗമായുള്ള നടപടിയാണെന്നും സ്ഥലത്തുണ്ടായിരുന്ന പരിമിതമായ പൊലീസുകാരുടെ കസ്റ്റഡിയിലായിട്ടും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ മുദ്രാവാക്യം മുഴക്കി ചാടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ വാഹനം നിർത്തി ഇറങ്ങുകയും സുരക്ഷയുടെ ഭാഗമായി പ്രതിരോധിക്കുകയും ചെയ്തതെന്നാണ് പ്രതികൾ പറഞ്ഞത്. തല ഉന്നംവച്ച് അടിച്ചിട്ടില്ലെന്നും വി.ഐ.പി സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം കൈകാലുകൾ ലക്ഷ്യമാക്കിയുള്ള ലാത്തിപ്രയോഗമാണുണ്ടായതെന്നും വെളിപ്പെടുത്തി. ആരുടെ നിർദ്ദേശ പ്രകാരമാണ് മർദ്ദിച്ചതെന്ന് അന്വേഷണസംഘം ആരാഞ്ഞപ്പോൾ ക്രമസമാധാനപ്രശ്നം കണ്ടപ്പോൾ ഇടപെടുക മാത്രമാണുണ്ടായതെന്നായിരുന്നു മറുപടി.

അന്വേഷണ സംഘം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. കസ്റ്റഡിയിലിരിക്കുന്നവരെ അകാരണമായി അടിക്കുന്നതെങ്ങനെ ഡ്യൂട്ടിയുടെ ഭാഗമാകുമെന്നും ലാത്തി ഉപയോഗത്തിലെ ചട്ടങ്ങൾ ലംഘിച്ചതുകൊണ്ടല്ലേ തലയ്ക്ക് പരിക്കേറ്റതെന്നുമുള്ള ചോദ്യങ്ങൾ അന്വേഷണസംഘം ഉന്നയിച്ചു. ഡ്യൂട്ടിയുടെ ഭാഗമായി അനുവദിച്ച ലാത്തി ഡ്യൂട്ടി അവസാനിച്ചപ്പോൾ ബന്ധപ്പെട്ട യൂണിറ്റിൽ തിരികെ നൽകിയതായി ഗൺമാൻമാർ അറിയിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാത്തി കൈവശം കരുതിയതെന്നാണ് പറഞ്ഞത്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല. വൈകുന്നേരം 4.25 ഓടെയാണ് വിട്ടയച്ചത്. ഇന്ന് രാവിലെ 10ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ക്രൈ ബ്രാഞ്ച് ഓഫീസിന് മുന്നിൽ ശക്തമായ പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GUNMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA