
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവർണർ ആർ.വി. ആർലേക്കറെ ക്ഷണിച്ച് എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ. ലോക് ഭവനിലായിരുന്നു കൂടിക്കാഴ്ച.
ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള ഋഷിവര്യന്മാരാണ് കേരളത്തെ ഭാരതത്തിന്റെ ആത്മീയ പുണ്യഭൂമിയാക്കിയതെന്ന് ഗവർണർ പറഞ്ഞു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരു സന്ദേശവും 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ദർശനവും മാനവികതയുടെയും സാമൂഹിക ഐക്യത്തിന്റെയും അടിത്തറയാണ്.
കണ്ണാടി പ്രതിഷ്ഠയിലൂടെ ഗുരുദേവൻ മുന്നോട്ടു വച്ചത് പുറം ലോകത്തെ കാണാനുള്ള കണ്ണാടിയല്ല, മനുഷ്യൻ സ്വന്തം ഉള്ളിലേക്ക് നോക്കണമെന്ന ആത്മീയ സന്ദേശമാണ്.. മനുഷ്യത്വമാണ് പരമമായ മതമെന്ന ഗുരുദർശനം തലമുറകൾക്ക് വഴികാട്ടിയാണെന്നും ഗവർണർ പറഞ്ഞു.
കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന മഹാ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൺ വെള്ളാപ്പള്ളി നടേശന് പ്രത്യേക ആദരവ് നൽകും. വെള്ളാപ്പള്ളി നടേശന്റെ ഓണസമ്മാനമായി 20 കിലോഗ്രാം ഭാരമുള്ള മഹാവിഷ്ണുവിന്റെ വെങ്കല പ്രതിമയും കസവ് നേര്യതും ഗവർണർക്ക് സമ്മാനിച്ചു.
വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ലാത്താനം, പന്തളം യൂണിയൻ പ്രസിഡന്റും യു.എ.ഇ യൂണിയനുകളുടെ കോർഡിനേറ്ററുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളി, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, യു.എ.ഇ ദുബായ് യൂണിയൻ കൺവീനർ സാജൻ സത്യ, പ്രേമചന്ദ്രൻ ഓച്ചിറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |