SignIn
Kerala Kaumudi Online
Wednesday, 27 May 2026 3.26 AM IST

ഹർഷീന ഇനി സർക്കാർ ഉദ്യോഗസ്ഥ

1

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി അ‌ഞ്ചുവർഷം ജീവിച്ച കെ.കെ.ഹർഷീന ഇനി സർക്കാർ ഉദ്യോഗസ്ഥ. ചികിത്സാപ്പിഴവ് നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി ചുമതലയേറ്റു. ഇന്നലെ രാവിലെ 10.30ഓടെ സമരസമിതി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമെത്തിയാണ് ആശുപത്രി വികസന സമിതിക്കു കീഴിലുള്ള (എച്ച്.ഡി.എസ്) മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ.ജി.സചീത്ത് കുമാറിനെ ഓഫീസിലെത്തി കണ്ടശേഷം, മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അരുൺ പ്രീതിനു മുമ്പാകെയാണ് ചുമതലയേറ്റത്. 2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.

കേരളകൗമുദിക്ക് നന്ദി

'നന്ദി പറയാൻ ഒരുപാട് പേരുണ്ട്. സമരസമിതി പ്രവർത്തകർ തൊട്ട് മുഖ്യമന്ത്രി വരെ. അതിൽ പ്രധാനം കേരളകൗമുദിയാണ്. എനിക്ക് പ്രശ്‌നം ഉണ്ടായതുമുതൽ കൂടെനിന്ന കേരളകൗമുദിയോട് ജോലിയിലേക്ക് കയറുന്ന ഈ സന്ദർഭത്തിൽ നന്ദി പറയുന്നു..."-ഹർഷീന പറഞ്ഞു.

ഇതു പെരുന്നാൾ സമ്മാനമാണ്. കൂടെയുണ്ടെന്ന് ആവർത്തിച്ച തന്റെ വേദനയുടെ ആഴം അറിയാവുന്ന പഴയ ആരോഗ്യമന്ത്രി കൈവിട്ടുകളഞ്ഞത് വലിയ വേദനയായിരുന്നു. മൂന്നുമക്കളേയും കൊണ്ട് ഗതികെട്ട ജീവിതമായിരുന്നു ഇത്രയും കാലം. തനിക്ക് ദുരന്തമുണ്ടാക്കിത്തന്ന ആശുപത്രിയിൽ തന്നെ ജോലി തന്ന് സംരക്ഷിക്കുമ്പോൾ വലിയ വിശ്വാസമുണ്ട്. കൂടെ നാടും നാട്ടുകാരും ഒരു സർക്കാരുമുണ്ടെന്ന പ്രതീക്ഷ വലുതാണ്. മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. കൂടെ നിന്ന ദിനേശ് പെരുമണ്ണയടക്കം സമര സമിതി പ്രവർത്തകരോടും തുടക്കം മുതൽ കൂടെനിന്ന മാദ്ധ്യമപ്രവർത്തകരോടും നന്ദി പറയുന്നു. അനീതികൾക്കെതിരായി ശബ്ദമുയർത്താനിരിക്കുന്ന ആയിരങ്ങളുടെ പ്രതീക്ഷകൂടിയാണിതെന്നും ഹർഷീന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HARSHEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA