
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധക്കേസിൽ വധശ്രമക്കുറ്റം ഒഴിവാക്കി പൊലീസ് ഹൈക്കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കൊലപ്പെടുത്താൻ ശ്രമിച്ചു, മാരകായുധം ഉപയോഗിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത്.
ഫെബ്രുവരി 25നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വീണാജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇത് മന്ത്രിയെ അപായപ്പെടുത്താനുള്ള മുൻകൂട്ടി തയ്യാറാക്കിയ നീക്കമാണെന്നായിരുന്നു സി.പി.എം നേതാക്കളുടെ ആരോപണം.
കെ.എസ്.യു കണ്ണൂർ ജില്ലാപ്രസിഡന്റ് എം.സി.അതുൽ, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ്, അഹമ്മദ് യാസീൻ എന്നിവർക്കെതിരെയാണ് വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്. കരിങ്കൊടിയല്ലാതെ മറ്റ് ആയുധങ്ങൾ പ്രതികളിൽ നിന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കെ.എസ്.യു ജില്ലാപ്രസിഡന്റ് എം.സി.അതുൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെതുടർന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |