
കൊച്ചി: ഒരു കോടിയാണെങ്കിലും ഒരു രൂപയാണെങ്കിലും കണക്കിൽ വരണമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തെ കണക്കുകൾ ഓഡിറ്റിംഗിന് നൽകിയിട്ടില്ല. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണ്. ബോർഡും കമ്മിറ്റിയും വെറും ഭരണസംവിധാനം മാത്രമാണ്. വഴിപാടുകളിലെയടക്കം വരുമാനം കൃത്യമാണെന്നും ചെലവുകൾ നിയമപരമാണെന്നും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. വിഷയം10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. 2023ൽ ഹൈക്കോടതി സ്വമേധയ രജിസ്റ്റർ ചെയ്ത കേസാണിത്. കോടതി നിർദ്ദേശപ്രകാരം സംസ്ഥാന ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് ഹാജരായിരുന്നു. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓൺലൈനായും ഹാജരായി.
നിയമാനുസൃത കാര്യങ്ങൾക്കല്ലാതെ ദേവസ്വം പണം ചെലവഴിക്കരുതെന്ന് കോടതി പറഞ്ഞു. എല്ലാ ഇടപാടുകളും സുതാര്യമാകാൻ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സംവിധാനമുണ്ടാകണം. ഇതിനെക്കുറിച്ച് പഠനം നടത്താൻ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം എന്നിവപോലുള്ള സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. നിലവിലെ സോഫ്റ്റ്‌വെയർ ആധുനികവത്കരിക്കുന്നതും ദേവസ്വം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
37 സജീവ അക്കൗണ്ടുകൾ
ദേവസ്വത്തിന്റെ 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം സജീവമാണെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു. സാമ്പത്തിക വർഷം കഴിഞ്ഞ് 15 ദിവസത്തിനകം കണക്കുകൾ നൽകേണ്ടതാണെങ്കിലും പാലിക്കുന്നില്ല. പരിഹാര നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യുമെന്ന് ദേവസ്വം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |