
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയശതമാനം കൂടുതൽ സയൻസ് വിഭാഗത്തിൽ- 84.52%. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 66.38 ശതമാനമാനവും കൊമേഴ്സ് വിഭാഗത്തിൽ 74.74 ശതമാനവുമാണ് വിജയം. സയൻസിൽ 22970 പേർക്കും ഹ്യുമാനിറ്റീസിൽ 2327 പേർക്കും കൊമേഴ്സിൽ 5264 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 60 വിദ്യാർത്ഥികൾക്ക് മുഴുവൻ സ്കോറും ലഭിച്ചു.ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ മലപ്പുറം തിരൂരങ്ങാടി ഗവ.എച്ച്.എസ്.എസിൽ 85.39ശതമാനമാണ് വിജയം. 835 പേരാണ് പരീക്ഷയെഴുതിയത്.
സർക്കാർ സ്കൂളുകളിൽ 167430പേർ പരീക്ഷ എഴുതിയതിൽ 121661 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 72.66 ശതമാനമാണ് വിജയം.182891 വിദ്യാർത്ഥികളാണ് എയ്ഡഡ് സ്കൂളുകളിൽ പരീക്ഷ എഴുതിയത്. 150604 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 82.82 ശതമാനം വിജയം. അൺഎയ്ഡഡ് സ്കൂളിൽ 22821 പേർ പരീക്ഷ എഴുതിയതിൽ 17841 പേർ വിജയിച്ചു. വിജയശതമാനം 78.18.
പട്ടികജാതി വിഭാഗത്തിൽ 58.95 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 65.33 ശതമാനവും വിജയം നേടി.
ടെക്നിക്കൽ സ്ട്രീമിൽ 1523 പേർ പരീക്ഷ എഴുതിയതിൽ 1109 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.വിജയം 72.82 ശതമാനം. 50 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
കേരള കലാമണ്ഡലത്തിൽ 63 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 52 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 82.54 ശതമാനം വിജയം.
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 50.92 ശതമാനമാണ് വിജയം. 25494 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 12982 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 537 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ 81.76 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 47.43 ശതമാനം, കൊമേഴ്സ് വിഭാഗത്തിൽ 45.41 ശതമാനമാണ് വിജയം. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ പരീക്ഷയിൽ വിജയം 35.53 ശതമാനം.
സ്കൂൾ ഫിറ്റ്നസ് :
അംഗീകൃത വയർമാൻമാർക്ക് സർട്ടിഫിക്കറ്റ്
നൽകാം : മന്ത്രി എൻ.ഷംസുദ്ദീൻ
തിരുവനന്തപുരം: സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ, അംഗീകൃത വയർമാൻ ഇലക്ട്രിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന രീതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. ഇക്കാര്യത്തിൽ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയതായി വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
സ്കൂളുകളിലെ വയറിംഗും ഇലക്ട്രിക്കൽ സംവിധാനങ്ങളും പരിശോധന നടത്താൻ നിയമപരമായി പറ്റില്ലെന്നായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർമാരുടെ പരാതി. ഇത് അംഗീകരിച്ചു. മറ്റെല്ലാ കാര്യങ്ങളും അസിസ്റ്റന്റ് എൻജിനീയർ പരിശോധിക്കണം. കൂടുതൽ സമയവും അനുവദിക്കും. ക്ലാസ് മുറികൾ സുരക്ഷിതമാണെന്ന് പി.ടി.എ പ്രസിഡന്റും ഹെഡ്മാസ്റ്ററും ഉറപ്പാക്കണം. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാൽ, അറ്റകുറ്റപ്പണി നടത്തിയേ തുറക്കാവൂ. ഇക്കാര്യത്തിൽ തദ്ദേശ ഭരണവകുപ്പുമായി ചർച്ച നടത്തിയിരുന്നു. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ടുള്ള കാലതാമസം പരിഹരിച്ചു. 30ന് അകം എല്ലാ സ്കൂളുകളിലും പാഠപുസ്തകമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം വർദ്ധിച്ചു
തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ 72.49 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 2.43 ശതമാനത്തിന്റെ വർദ്ധന ഇത്തവണയുണ്ടായി.
ഇത്തവണ പരീക്ഷ എഴുതിയ 25259 വിദ്യാർത്ഥികളിൽ 18311 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും ഉയർന്ന വിജയശതമാനം വയനാട് ജില്ലയിലാണ്- 87.30. ഏറ്റവും കുറവ് കാർസർകോട് ജില്ലയിൽ-60.63 ശതമാനം. വയനാട് ജില്ലയിൽ 740 പേർ പരീക്ഷ എഴുതിയതിൽ 646 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കാസർകോട് ജില്ലയിൽ 1082 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 656പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ 162 വിദ്യാർത്ഥികളാണുള്ളത്. 7 സർക്കാർ സ്കൂളുകളും 6 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. 50 ശതമാനത്തിൽ താഴെ വിജയം നേടിയ 64 സ്കൂളുകളുണ്ട്. പട്ടികജാതി വിഭാഗത്തിൽ 2348 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1484 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 63.20 ശതമാനം വിജയം. പട്ടികവർഗ വിഭാഗത്തിൽ 204 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 129 പേർ ഉപരിപഠനത്തിന് യോഗ്യത നേടി- 63.24 ശതമാനം വിജയം. സംസ്ഥാനത്തെ 4 ബധിര മൂക സ്കൂളുകളിലെ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4 സ്കൂളുകളിലും 100 ശതമാനമാണ് വിജയം. പ്രൈവറ്റായി പരീക്ഷയെഴുതിയ 2900 വിദ്യാർത്ഥികളിൽ 1555 പേർ ഉപരിപഠനത്തിന് യോഗ്യത നേടി- 53.62 ശതമാനം വിജയം.
പി.എം ശ്രീയിൽ തീരുമാനം ഉടൻ
പി.എം ശ്രീ പദ്ധതിയിൽ സർക്കാരിന്റെ നിലപാട് ഉടനുണ്ടാകും. കഴിഞ്ഞ സർക്കാർ പി.എം ശ്രീയിൽ ഒപ്പിട്ടിരുന്നു. വിവാദമായപ്പോൾ തത്കാലം നിറുത്തിവയ്ക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ യു.ഡി.എഫിൽ ചർച്ച നടത്തി വൈകാതെ തീരുമാനമെടുക്കും. ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ചില നിബന്ധനകൾ വച്ച് ഫണ്ട് അനുവദിക്കുന്ന കേന്ദ്രരീതി ശരിയല്ല. ഉള്ളടക്കത്തോടും വിയോജിപ്പുണ്ട്. പദ്ധതി നടപ്പാക്കേണ്ടെന്ന മുൻ നിലപാടിൽ നിന്നും പിന്നോട്ടുപോകുന്നുവെന്ന് അർത്ഥമില്ല. യു.ഡി.എഫിന് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ നിലപാട് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |