
തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻഅഴിച്ചുപണിയുമായി സർക്കാർ .47 ഉദ്യോഗസ്ഥർക്കാണ് സ്ഥാനമാറ്റം ഉണ്ടായത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെ തിരികെയെത്തിയ ബി. അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ. പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. യുവജനക്ഷേമം, മ്യൂസിയം-ആർക്കൈവ്സ് എന്നിവയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ടി.വി. അനുപമയാണ് ഗതാഗത വകുപ്പ് സെക്രട്ടറി. മെട്രോ റെയിൽ, എയർപോർട്ടുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വികസനം എന്നിവയുടെ അധിക ചുമതലയും നൽകി. എം.ജി. രാജമാണിക്കത്തെ റവന്യൂ-ദുരന്തനിവാരണ വകുപ്പിൽ നിന്നും മാറ്റി കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു . പവർ, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പുകളുടെ സെക്രട്ടറി ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. ദേവസ്വം ചുമതലയിലും തുടരും. ദിവ്യ എസ്. അയ്യരെ തദ്ദേശ ഭരണ വകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടറായും മാറ്റി നിയമിച്ചു. ആയുഷ് മിഷൻ ഡയറക്ടർ ചുമതലയും നൽകി. ജെറോമിക് ജോർജ്ജ് തദ്ദേശ വകുപ്പിൽ നിന്നും ധനകാര്യ (ചെലവ്) വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി. ഇദ്ദേഹത്തിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ചുമതലയും കേരള മാരിടൈം ബോർഡ് സി.ഇ.ഒ ചുമതലയും നൽകി.
ബിശ്വനാഥ് സിൻഹയ്ക്ക് ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിക്ക് പുറമെ കയർ വികസനം, ഭവനനിർമ്മാണം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതല കൂടി നൽകി. ഇദ്ദേഹത്തെ തീരദേശ ഷിപ്പിംഗ്-ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. കെ.ആർ. ജ്യോതിലാൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് ചുമതലയും സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറിയുടെ പൂർണഅധിക ചുമതലയും നൽകി. നികുതി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നിവയുടെ ചുമതലകളിൽ തുടരും.
ഡോ. രാജൻ എൻ. ഖോബ്രഗഡെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലും ആയുഷ് വകുപ്പിലും തുടരും. മിൻഹാജ് ആലത്തെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. കായികം, യുവജനക്ഷേമം, മ്യൂസിയം-ആർക്കൈവ്സ് വകുപ്പുകളുടെ അധിക ചുമതലയും നൽകി.
സ്നേഹിൽ കുമാർ സിംഗിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയി നിയമിച്ചു. ആസിഫ് കെ. യൂസഫ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും നോർക്ക ഡയറക്ടറായി മാറ്റി. പ്രേം കൃഷ്ണൻ എസ് സഹകരണ സംഘം രജിസ്ട്രാർ ആയി നിയമിച്ചു. ശ്രീധന്യ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടർ പദവിക്ക് ഒപ്പം പുതിയ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. ഡോ. അരുൺ ജെ.ഒ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായും സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറായും നിയമിച്ചു. ഹർഷിൽ ആർ. മീണയെ കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയ പ്രധാന പദവികളിൽ ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാൻ താൽക്കാലിക എക്സ്-കേഡർ തസ്തികകൾ സൃഷ്ടിച്ചാണ് പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |