
തൃശൂർ: 140 എം.എൽ.എമാർക്കുള്ള ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷ്വറൻസ് പദ്ധതിയിൽ അഞ്ചുവർഷത്തിനിടെ ഒരു രൂപ പോലും ക്ലൈയിം ചെയ്‌തില്ല. നിയമസഭാ സെക്രട്ടേറിയറ്റ് നടപ്പാക്കുന്ന പദ്ധതിയിലൂടെ ഓരോ അംഗത്തിനും 20 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 2021-26ൽ ഖജനാവിൽ നിന്ന് 8,24,451 രൂപയാണ് പ്രീമിയമായി അടച്ചത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2025 ഡിസംബർ 31 മുതൽ 2026 ഡിസംബർ 30 വരെ ജി.എസ്.ടി ഉൾപ്പെടെ 1.63 ലക്ഷം അടച്ചു. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ 1,65,200 രൂപ വീതമായിരുന്നു വാർഷിക പ്രീമിയം. മുഖ്യമന്ത്രി, സ്‌പീക്കർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരടക്കമുള്ളവർക്ക് 24 മണിക്കൂറും പരിരക്ഷ ഉറപ്പാക്കുന്നതാണ് ഗ്രൂപ്പ് പോളിസി.
അപകടമരണം, സ്ഥിരമായ അംഗവൈകല്യം എന്നിവയ്ക്കാണ് പരിരക്ഷ ലഭിക്കുക. ഉമ തോമസ് എം.എൽ.എയ്‌ക്ക് അപകടമുണ്ടായപ്പോഴും ക്ലെയിം ചെയ്തിരുന്നില്ല. ചികിത്സാച്ചെലവ് നിലവിലെ പോളിസി പരിധിയിൽ വരാത്തതാണ് കാരണമാണ് ക്ലെയിം ചെയ്യാത്തത്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷയിൽ നിയമസഭാ സെക്രട്ടേറിയറ്റ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
പരിധിയില്ലാത്ത റീ ഇംബേഴ്‌സ്‌മെന്റ്
സാമാജികർക്ക് ഹെൽത്ത് ഇൻഷ്വറൻസ് ഏർപ്പെടുത്താതെ പരിധിയില്ലാതെ മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് അനുവദിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. അഞ്ച് വർഷത്തിനിടെ എം.എൽ.എമാരുടെയും മുൻ എം.എൽ.എമാരുടെയും ചികിത്സാ ചെലവിനായി 38 കോടിയിലേറെയാണ് ചെലവിട്ടത്. ഇൻഷ്വറൻസ് പരിരക്ഷയുണ്ടായിട്ടും ചികിത്സയ്ക്കായി ഖജനാവിൽ നിന്ന് വൻതുക ഉപയോഗിക്കുന്നതിനാൽ എതിർപ്പ് ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |