തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ ഐ.എസ്.ആർ.ഒ യുടെ ഉപഗ്രഹവിക്ഷേപണങ്ങൾ ഒക്ടോബറോടെ പുനരാരംഭിച്ചേക്കുമെന്ന് സൂചന.രണ്ടുമാസത്തിനുള്ളിൽ അടുത്ത വിക്ഷേപണമുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ വർഷം അവസാനം ഗഗൻയാനിന്റെ ആളില്ലാ പേടകത്തിന്റെ വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ ചെന്നൈയിലെ പൊതുചടങ്ങിൽ പറഞ്ഞിരുന്നു.
അതേസമയം, റോക്കറ്റ് വിക്ഷേപണത്തെ സംബന്ധിച്ച അന്താരാഷ്ട്ര വിക്ഷേപണ സൈറ്റിൽ ഈ വർഷം മൂന്നാമത്തെ പാദത്തിലേക്ക് ജി.എസ്.എൽ.വി മാർക്ക് 2 ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തീയതി വ്യക്തമാക്കിയിട്ടില്ല.ഓഗസ്റ്റ് 27ന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിൽ കാലാവസ്ഥ ഉപഗ്രഹവിക്ഷേപണവും ജർമ്മനിയുടെ ഐസർ എയ്റോ സ്പെയ്സിന്റെ സ്പെക്ട്രം റോക്കറ്റ് ഉപയോഗിച്ച് അഞ്ച് നാനോ ഉപഗ്രഹങ്ങൾ ലോഞ്ച് ചെയ്യുന്നതും ആഗസ്റ്റിൽ ലിസ്റ്റ് ചെയ്തുവെങ്കിലും തീയതി പറഞ്ഞിട്ടില്ല.സെപ്തംബർ 28ന് നാസയുടെ എൻ.ജി.ആർ.എസ്.ടി.സ്പെയ്സ് ടെലിസ്കോപ് ഫാൽക്കൻ റോക്കറ്റിൽ വിക്ഷേപിക്കുന്നതു മാത്രമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ ഒരു റോക്കറ്റും ഓഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ ഷെഡ്യൂളിലില്ല. നിലവിൽ ഗതിനിർണയ, പ്രതിരോധ ആവശ്യത്തിനുള്ള എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപണത്തിന് തയ്യാറാക്കിയിരിക്കുന്നത്.ഗഗൻയാനും പരീക്ഷണ വിക്ഷേപണവും പരിഗണനയിലുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് ദൗത്യവുമായി മുന്നോട്ട് പോകുന്നതിന് തടസ്സം. കഴിഞ്ഞവർഷം മേയ് 18നും ഈവർഷം ജനുവരി 12നും ദൗത്യങ്ങൾ പരാജയപ്പെട്ടതാണ് കേന്ദ്രാനുമതിക്ക് വിഘാതം. കേന്ദ്രാനുമതി ലഭിക്കുകയാണെങ്കിൽ ദൗത്യം ഉടനടി നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |