SignIn
Kerala Kaumudi Online
Saturday, 12 September 2026 9.58 PM IST

ആനക്കൊമ്പ് കേസിൽ മോഹൻലാൽ വിചാരണ നേരിടണം,​ കോടതി സമൻസ് അയച്ചു

mohanlal

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചകേസിൽ നടൻ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹൻലാൽ അടക്കമുള്ളവർക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്.

മോഹൻലാൽ അടക്കമുള്ളവർക്ക് കോടതി സമൻസയച്ചു. വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച ഒക്കറൻസ് റിപ്പോർട്ട് ക്രിമിനൽ കേസായി പരിഗണിച്ചാണ് കോടതി പ്രതികൾക്ക് നോട്ടീസയച്ചത്. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്‌ക്കാൻ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് ഹൈേക്കാടതിയെ സമീപിച്ചതിനെ തുടർന്നാണ് വനം വകുപ്പ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ കക്ഷി ചേരാനുള്ള പൗലോസിന്റേതടക്കമുള്ള ഹർജിയിൽ കോടതി പ്രാഥമിക വാദം കേട്ടു. കേസ് കൂടുതൽ നടപടികൾക്കായി അടുത്ത മാസത്തേക്ക് മാറ്റിവച്ചു. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ രണ്ടു മുതൽ നാലു വരെയുള്ള പ്രതികൾ. സെപ്റ്റംബർ 16 നാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബർ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഹൻലാലിന്റെ തേവരയിലുളള വീട്ടിൽ ആദായികുതി വിഭാഗം നടത്തിയ റെയ്ഡിൽ നാലു ആനക്കൊമ്പുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്.

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നൽകിയതിൽ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകൾ 2011 ഡിസംബർ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂൺ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

മോഹൻലാലിന്റെ പരാതിയിൽ യു.ഡി.എഫ് സർക്കാരിന്റെ മുഖ്യവനപാലകൻ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസിൽ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് വനം വകുപ്പ് മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, IVORY CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA