കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തളിപ്പറമ്പിലും പയ്യന്നൂരിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. തളിപ്പറമ്പ് കുപ്പത്തുവച്ച് കാർ തടഞ്ഞുനിറുത്തി കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചു കേടുവരുത്തി. ഇന്നലെ ഉച്ചയോടെ
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ പരിപാടിയിൽ പങ്കെടുത്തശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നു മന്ത്രി. പൈലറ്റ് വാഹനം കടന്നുപോയ ഉടൻ മന്ത്രിയുടെ കാറിനു മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ഫ്ളാഗ് പോൾ, റെയിൻ ഗാർഡ്, ഡോർ ബീഡിംഗ് എന്നിവയ്ക്കു കേടുപാടുണ്ടായി. മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
സമീപത്ത് പൊലീസുകാരുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചിലർ പൊലീസ് ജീപ്പിന്റെ ചാവി ഊരിയെടുത്തെങ്കിലും പൊലീസ് പിടിച്ചുവാങ്ങി.
തളിപ്പറമ്പ് ചിറവക്കിനു സമീപം കരിങ്കൊടി പ്രതിഷേധമുണ്ടായി. പയ്യന്നൂരിലും മന്ത്രിയുടെ വാഹനം ആക്രമിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി സന്ദീപ് വാര്യർ എം.എൽ.എയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കൈയാങ്കളിയിലെത്തി. മന്ത്രിയുടെ കാറിനു മുകളിൽ വാഴ വയ്ക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചെങ്കിലും നടന്നില്ല. കാസർകോട് നീലേശ്വരത്തും കരിങ്കൊടി പ്രതിഷേധം നടന്നു.
അഞ്ചിടത്തുവച്ച് ആക്രമണമുണ്ടായതായി ജനീഷ് പ്രതികരിച്ചു. ആസൂത്രിതമായ ആക്രമണമെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് പറഞ്ഞു. ഇരുപതോളം പേരടങ്ങിയ സംഘം ഒളിപ്പോരാളികളെപ്പോലെയാണ് ചാടിവീണത്. 'കൊല്ലെടാ ജനീഷിനെ' എന്ന് ആക്രോശിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയർന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫോണിൽ ജനീഷുമായി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |