SignIn
Kerala Kaumudi Online
Monday, 12 October 2026 10.54 AM IST

അമ്മയെ വിശ്വസിച്ചത് നീതിപീഠം, കടയ്ക്കാവൂരിൽ അപമാനമായത് പൊലീസിന്റെ അമിതാവേശം

kadakkavoor

തിരുവനന്തപുരം : പതിമ്മൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന ഉന്നതല അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെ കടയ്ക്കാവൂരിലെ പൊലീസുകാരുടെ അമിതാവേശമാണ് നാടിന് അപമാനമായതന്ന് വ്യക്തമായി. മാതൃത്വത്തെ അവിശ്വസിക്കാത്ത കോടതിയുടെ വാക്കുകളാണ് അമ്മയ്‌ക്ക് നീതി ഉറപ്പാക്കിയത്. ജാമ്യ ഹർജിയിൽ വിശദമായ വാദം കേട്ട ജസ്റ്റിസ് വി. ഷേർസിയാണ് നിർണായകമായ ഇടപെടലിലൂടെ സത്യം കണ്ടെത്താൻ വഴിയൊരുക്കിയത്. മുൻ ഭാര്യയോടുള്ള വിരോധം തീർക്കാൻ ഭർത്താവ് പതിമ്മൂന്നുകാരനായ മകനെകൊണ്ട് നൽകിയ പരാതിയും കേട്ട് കടയ്ക്കാവൂർ സ്റ്റേഷനിലെ പൊലീസ് ചാടി ഇറങ്ങിയതോടെയാണ് നാല് കുട്ടികളുടെ അമ്മയായ 37കാരി ജയിലിലായത്. ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിച്ചതാണ് കേസിനാധാരമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി കൊടുപ്പിച്ചതെന്ന് ഇളയ കുട്ടി അന്നേ വെളിപ്പെടുത്തിയെങ്കിലും പൊലീസ് വകവച്ചിരുന്നില്ല. മാത്രമല്ല, കുട്ടിയുടെ പരാതിക്ക് മുമ്പു തന്നെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബക്കോടതിയെയും സമീപിച്ചിരുന്നു. പതിനേഴും പതിനൊന്നും പതിമൂന്നും വയസുള്ള 3 ആൺമക്കളും 6 വയസുള്ള മകളുമാണ് ഈ അമ്മയ്ക്കുള്ളത്. പരാതി വെള്ളം തൊടാതെ വിഴുങ്ങിയ പൊലീസ് അമ്മയ്ക്കെതിരെ തെളിവുണ്ടെന്ന് നിരന്തരം ആവർത്തിച്ചു. ഇതുകേട്ട് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനും നിലപാടെടുത്തെങ്കിലും അത് വിശ്വസിക്കാൻ കോടതി അയ്യാറായില്ല.

കണ്ണും കാതുമടച്ച് പൊലീസ്

അമ്മയ്ക്കെതിരെ ലഭിച്ച പരാതിയിൽ പ്രാഥമികാന്വേഷണം നടത്താതെയും ആധികാരികത ഉറപ്പാക്കാതെയുമാണ് പൊലീസ് നടപടിയെടുത്തതെന്ന് ഉറപ്പിച്ചു പറഞ്ഞ ഹൈക്കോടതി, അമ്മയ്ക്ക് ജാമ്യം അനുവദിച്ചു. നേരത്തേ പൊലീസിന്റെ വാദങ്ങൾ വിശ്വസിച്ച തിരുവനന്തപുരം പോക്‌സോ കോടതി കേസ് വിശ്വസനീയമാണെന്ന് നിലപാടെടുത്തു. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കളും ഒരേസ്വരത്തിൽ പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല.

മാതൃസ്‌നേഹത്തിന് ഉപാധികളില്ല

അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മളസ്‌നേഹം മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ലെന്നും ജനനത്തിന് മുമ്പേ തുടങ്ങുന്ന സ്‌നേഹബന്ധത്തിന് ഉപാധികളില്ലെന്നും അമ്മയുടെ ജാമ്യ ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അമ്മക്ക് നേരെ പീഡനം ആരോപിക്കുന്ന സംഭവം മാതൃത്വത്തിന്റെ പവിത്രതയെ അവഗണിക്കുന്ന കേസാണ്. ഇക്കാര്യം വിശദീകരിച്ചാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

റിപ്പോർട്ട് ആശ്വാസകരം,​ കൂടുതൽ പ്രതികരിക്കാനില്ല

കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ആശ്വാസം പകരുന്നതാണെന്ന് ആരോപണ വിധേയയായ യുവതിയുടെ പിതാവ് പറഞ്ഞു. കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ കൂടുതൽ പ്രതികരണത്തിനില്ലന്നും അദ്ദേഹം പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KADAKKAVOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA