SignIn
Kerala Kaumudi Online
Monday, 12 October 2026 2.13 AM IST

450 കോടിയുടെ മെഡി. ഉപകരണക്കൊള്ള, കവർപോലും പൊട്ടിക്കാതെ വെന്റിലേറ്ററുകൾ

READ ENGLISH VERSION
1


അന്വേഷണ റിപ്പോർട്ട് സർക്കാരിന്

തിരുവനന്തപുരം: കൂടിയ വിലയ്ക്ക് ഗുണമേന്മയില്ലാത്ത മരുന്നുകൾ വാങ്ങിക്കൂട്ടിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണ കൊള്ളയും. വെന്റിലേറ്ററുകൾ, ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്സ്‌‌റേ, മാമോഗ്രാം മെഷീനുകൾ എന്നിവയടക്കം മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് 450 കോടിയുടെ ഉപകരണങ്ങൾ. പരിപാലനമില്ലാത്തതിനാൽ പലതും പ്രവർത്തനരഹിതമായി. നിർദ്ധന രോഗികൾക്കടക്കം പ്രയോജനപ്പെടേണ്ടതാണ് ഇത്തരത്തിൽ പാഴാകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിക്കൂട്ടിയവയാണിത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം. ആരോഗ്യമന്ത്രി കെ.മുരളീധരന്റെ നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. കെട്ടിക്കിടക്കുന്നവയിൽ പലതും വില കൂടിയ ഉപകരണങ്ങളാണ്. പലതിന്റെയും കവർ പോലും പൊട്ടിച്ചിട്ടില്ല.

നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി വാങ്ങിക്കൂട്ടിയവയടക്കം കെട്ടിക്കിടക്കുന്നുണ്ട്. കെ.എം.എസ്.സി.എൽ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ സമാന രീതിയിൽ ഉപയോഗശൂന്യമായിരുന്നു.

 സ്പോൺസർഷിപ്പ് വഴി ലഭിച്ചവയും കൂട്ടത്തിൽ

1. സർക്കാർ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്ക് പുറമേ സ്പോൺസർഷിപ്പ് വഴി ലഭിച്ച ഉപകരണങ്ങളും ഉപയോഗിക്കാതെ ആശുപത്രി സ്‌റ്റോറുകളിലടക്കം കെട്ടിക്കിടക്കുന്നു

2. ഉപകരണങ്ങൾ സ്ഥാപിക്കൽ, ഉപകരണങ്ങളുടെ കമ്മിഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവയടക്കമാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ചത്

 ഉത്തരമില്ലാതെ ഉദ്യോഗസ്ഥർ


വാങ്ങിക്കൂട്ടിയ വൻ വിലയുള്ള മെഡിക്കൽ ഉപകരണങ്ങളടക്കം ഉപയോഗിക്കാത്തത് എന്തെന്ന ചോദ്യത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടിയില്ല. ആശുപത്രി കെട്ടിടങ്ങളുടെ പണി പൂർത്തിയാകാത്തത്, പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരില്ലാത്തത് എന്നിങ്ങനെ തൊടുന്യായങ്ങളാണ് നിരത്തുന്നത്.

''വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കും. ആരോഗ്യവകുപ്പിനെ വെള്ളാനയാക്കി കൊണ്ടുനടന്നവരുണ്ട്. ഇനി അത് നടക്കില്ല.

-കെ.മുരളീധരൻ

ആരോഗ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA