SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.55 AM IST

സ്ത്രീ വിരുദ്ധ പരാമർശം: കാന്തപുരത്തെ തള്ളിപ്പറഞ്ഞ് മന്ത്രിമാർ അടക്കം രംഗത്ത് # രൂക്ഷ വിമർശനവുമായി പി.കെ. ശ്രീമതിയും

a

കോഴിക്കോട്: ഇസ്ലാമിക ആഘോഷങ്ങളിലും പൊതുവേദികളിലും സ്ത്രീകളുടെ പങ്കാളിത്തം പാടില്ലെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശം പൊതുസമൂഹത്തിൽ കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തി. അതേസമയം, കാന്തപുരത്തെയും പണ്ഡിതസഭയെയും ന്യായീകരിച്ച് സുന്നി മുഖപത്രത്തിൽ ലേഖനവും വന്നു.

കാന്തപുരത്തെ തള്ളി മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും ബിന്ദുകൃഷ്ണയും റോജി.എം ജോണും രംഗത്തെത്തി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. കെ.കെ. ശൈലജ കഴിഞ്ഞ ദിവസം തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

മനുഷ്യരെല്ലാരും പ്രപഞ്ചത്തിന്റെ നേരവകാശികളാണ്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരരുതെന്ന നിലപാടിനോട് യോജിക്കാനാകില്ലെന്നായിരുന്നു മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. സ്ത്രീകൾക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുത്. പേരാമ്പ്രയിൽ മുസ്‌ലിം വനിതയാണ് വിജയിച്ചത്.

സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസിലാക്കണമെന്നായിരുന്നു ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രതികരണം.

സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകൾ കണ്ടില്ലെന്ന് നടിക്കാനോ മൗനം പാലിക്കാനോ കഴിയില്ലെന്നും സ്ത്രീകളെ അങ്ങേയറ്റം തരംതാഴ്ത്തുന്ന പരാമർശമാണിതെന്നുമായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. പ്രതികരിക്കാതെ കെ. എം ഷാജിയും മന്ത്രി പി.സി വിഷ്ണുനാഥും ഒഴിഞ്ഞുമാറി.

പിന്തുണച്ച് മുഖപത്രം

എസ്‌.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സാഖാഫി എളമരം എഴുതിയ 'ഇതാണോ ഇവരൊക്കെ സ്വപ്നം കാണുന്ന പുതിയ നൂറ്റാണ്ട് ?' എന്ന ലേഖനത്തിൽ കാന്തപുരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം സി.പി.എമ്മിനെയും ഇടത് വനിത നേതാക്കളായ പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവരെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. വർഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിൽക്കുന്നവരാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗം.

യുവതീ യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് താത്പര്യത്തിന് എതിരാണെന്ന് അടിവരയിട്ട് പറയുകയാണ് ലേഖനത്തിൽ.

അതിങ്ങനെ: ''. ഈയിടെ ചിലയിടങ്ങളിൽ ദഫ് പ്രദർശനം, സ്‌കൗട്ട്, ഫ്ലവർഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചിലർ പെൺകുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് പണ്ഡിതന്മാർ പ്രത്യേകം പ്രസ്താവന ഇറക്കിയത്. ഇത് മുസ്ലിം സമുദായത്തോട് അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാൻ നൽകിയ ഒരു നിർദേശം മാത്രമാണ്. പി.കെ ശ്രീമതിയും കെ. കെ ശൈലജയും വിഷയത്തിൽ ഇടപെട്ടത് സ്ത്രീകളുടെ കാര്യമായാതു കൊണ്ടാകാം. അല്ലെങ്കിലും മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ ഇവർക്ക് കുറച്ചുകൂടുതൽ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകാറുണ്ട്. സ്വന്തം പാർട്ടിയിലും ഭരണത്തിലും അതിനുവേണ്ടി ജീവിതം മുഴുവൻ ചെലവഴിച്ച സ്ത്രീകൾക്ക് അവകാശങ്ങൾ വാങ്ങിക്കൊടുക്കാനല്ലേ ഈ ഉന്മേഷവും ജാഗ്രതയും വേണ്ടത്? പല കാര്യങ്ങളിലും നിങ്ങളുടെ പുരോഗമന ചിന്തയും ഇസ്ലാമും തമ്മിൽ വിയോജിച്ചു നിൽക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA