SignIn
Kerala Kaumudi Online
Saturday, 06 June 2026 1.42 PM IST

കരുവന്നൂർ കേസ്; സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്, വിചാരണ നടത്താമെന്ന് കോടതി

READ ENGLISH VERSION
radhakrishnan

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്നും കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ ഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കുകയായിരുന്നു കോടതി.

ഭാരതീയ ന്യായ സംഹിതയുടെ പുതിയ നിയമവ്യവസ്ഥ അനുസരിച്ച് ഇത്തരം കേസുകളിൽ വിചാരണ തുടങ്ങുന്നതിന് മുമ്പ് നോട്ടീസ് നൽകി പ്രതികൾക്കെതിരെ കുറ്റം നിലനിൽക്കുമോ എന്ന വാദം നടത്തേണ്ടതുണ്ട്. അതിനുശേഷമാണ് പ്രതികളെ കേസിൽ ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ചാണ് ഇന്ന് നടപടിക്രമങ്ങൾ നടന്നത്.

ബിഎൻഎസിലെ 223 സെക്ഷൻ സബ്ക്ലാസ് ഒന്ന് പ്രകാരം പ്രതികളുടെ ഭാഗം കോടതി വിശദമായി കേട്ടു. 28 പ്രതികൾക്കെതിരായാണ് ഇഡി അനുബന്ധ കുറ്റപത്രം കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചത്. പുതുതായി പ്രതിചേർക്കപ്പെട്ട എല്ലാവർക്കുമെതിരെ വിചാരണ തുടങ്ങാം. അതിന് തെളിവുണ്ടെന്നും കോടതി വിലയിരുത്തി. സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്‌തീൻ എംഎൽഎ, കെ രാധാകൃഷ്‌ണൻ എംപി, എം എം വർഗീസ് തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് 28 പ്രതികൾ.

2012,2013 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്രമക്കേടുകൾക്ക് തുടക്കമിട്ടതെന്നാണ് ഇ ഡിയുടെ വാദം. ക്രമരഹിതമായി വായ്‌പ അനുവദിക്കുക, ഒരേ ഈടിന്മേൽ വായ്‌പ അനുവദിക്കുക എന്നിവയ്‌ക്കെല്ലാം പാർട്ടി പ്രവർത്തകർ തന്നെ നേതൃത്വം നൽകി എന്നും ഇ ഡി കണ്ടെത്തി. പാർട്ടി ഓഫീസിന് സ്ഥലം വാങ്ങിയതും കെട്ടിടം നിർമിച്ചതുമെല്ലാം ഈ ക്രമക്കേടിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണെന്നും ഇ ഡിയുടെ കണ്ടെത്തലിലുണ്ട്.

നേരത്തേ ഭരണസമിതിയിലെ 53പേർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ വിചാരണ തുടങ്ങിയിട്ടുമുണ്ട്. തുടർന്നാണ് നേതാക്കളെ പ്രതിചേർത്ത് ഇപ്പോൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അതിലും പിഎംഎൽഎ കോടതി ഇ ഡിക്ക് അനുകൂലമായി ഉത്തരവിട്ടിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KARUVANNUR CASE, PMLA COURT, CPM LEADERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA