SignIn
Kerala Kaumudi Online
Monday, 27 July 2026 1.53 AM IST

മാതൃവിദ്യാലയത്തിൽ പൊടിപിടിച്ച് ഡോ.കസ്തൂരിരംഗന്റെ സ്വപ്നം

pic

കൊച്ചി: ചില സ്വപ്നങ്ങൾ കെട്ടിടങ്ങളാകും, ചിലത് ചരിത്രം. എന്നാൽ ചിലതോ തുറക്കപ്പെടാതെ പൊടിപിടിച്ച മുറികളിൽ കാലത്തോട് പരാജയപ്പെടും. എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്‌കൂളിലെ സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ കാര്യത്തിൽ ഇക്കാര്യങ്ങളെല്ലാം അക്ഷരംപ്രതി ശരിയാകും. ഐ.എസ്.ആർ.ഒയുടെ മുൻ ചെയർമാനും പൂർവവിദ്യാർത്ഥിയുമായ ഡോ.കെ.കസ്തൂരിരംഗന്റെ സ്വപ്നമായിരുന്നു ഈ മ്യൂസിയം. 2006ൽ ഉദ്ഘാടനം ചെയ്തതോ, വിദ്യാർത്ഥികളെ സ്വപ്നസാക്ഷാത്കാരത്തിനായി പ്രചോദിപ്പിച്ച മുൻരാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽകലാമും. രണ്ട് പതിറ്റാണ്ടായിട്ടും, ഒരു ദിവസം പോലും തുറക്കാതെ, മാറാല പിടിച്ച് തുരുമ്പെടുത്ത നിലയിലാണ് ഉപകരണങ്ങൾ. ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും മോഡലുകൾ, ബഹിരാകാശക്കാഴ്ചകളുടെ നേർച്ചിത്രങ്ങൾ എന്നിവയ്ക്ക് പുറമേ കൊച്ചി നാവിക ആസ്ഥാനത്തിന്റെയും ഷിപ്പ് യാർഡിന്റെയുമെല്ലാം സംഭാവനകൾ അക്കൂട്ടത്തിലുണ്ട്. കസ്തൂരിയുടെ സുഹൃത്ത് കൃഷ്ണ നഴ്സിംഗ് ഹോം ഉടമ ഡോ.എ.കെ.സഭാപതി മെഡിക്കൽരംഗവുമായി ബന്ധപ്പെട്ട മോഡലും നൽകിയിരുന്നു. പിന്നീട് അദ്ദേഹം ഇതെല്ലാം തിരികെ കൊണ്ടുപോയി. 1845ൽ കൊച്ചി രാജകുടുംബം സ്ഥാപിച്ച സ്‌കൂളാണിത്.

 ഒരുകോടിയിൽ തുടങ്ങി

1947ൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായെത്തിയ കസ്തൂരിരംഗൻ അഞ്ചാംക്ലാസ് കഴിഞ്ഞ് മുംബയിലേക്കു പോയി. ശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകളെക്കുറിച്ച് അവബോധം നൽകാൻ ഒരു ഹൈടെക് മ്യൂസിയം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 2003-2009 കാലയളവിൽ രാജ്യസഭാ എം.പി ആയിരിക്കെ ഒരു കോടിയാണ് അനുവദിച്ചത്

 കുസാറ്റും കൈവിട്ടു

കുസാറ്റിലെ വിദഗ്ദ്ധരുടെ സഹായത്തോടെ മ്യൂസിയം തുറക്കാൻ ടി.ജെ.വിനോദ് എം.എൽ.എയും, പൂർവവിദ്യാർത്ഥി സംഘടനയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥലപരിമിതി കണക്കിലെടുത്ത് ഹയർസെക്കൻഡറി ഡി.ഡി ഓഫീസ് സ്‌കൂളിൽ നിന്ന് മാറ്റണമെന്നായിരുന്നു കുസാറ്റിന്റെ ആവശ്യം. ഇടപ്പള്ളിയിലായിരുന്ന ഈ ഓഫീസ് അഞ്ചുവർഷം മുമ്പാണ് ഇവിടേക്കു മാറ്റിയത്. മ്യൂസിയത്തിൽ രണ്ട് കെയർടേക്കർമാരെ നിയമിക്കാൻ സ്‌കൂൾ, കോർപ്പറേഷൻ അധികൃതർ നടത്തിയ നീക്കം സാമ്പത്തിക ബാദ്ധ്യതയാൽ പരാജയപ്പെട്ടു. പഠനസമയം നഷ്ടപ്പെടുമെന്ന രക്ഷിതാക്കളുടെ ആശങ്കയാൽ, കുട്ടികളെ ചില ചുമതലകൾ ഏൽപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല.

 രാജ്യത്തിന്റെ അഭിമാനമായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണം.


കെ.വി.പി. കൃഷ്ണകുമാർ,
പ്രസിഡന്റ്, പൂർവവിദ്യാർത്ഥി സംഘടന,

കോർപ്പറേഷൻ കൗൺസിലർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASTHURIRANGAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA