തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) നേതൃത്വത്തിനും ജനറൽ സെക്രട്ടറിക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേശ് കുമാർ. തിരുവനന്തപുരം മന്നം ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം സംഘടനയ്‌ക്കെതിരെ തുറന്നടിച്ചത്. എൻ.എസ്.എസ് നിലവിൽ ചില 'ഇത്തിൾക്കണ്ണികളുടെ' പിടിയിലാണെന്നും സംഘടനയിൽ ജനാധിപത്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്നത്ത് പത്മനാഭൻ ഇരുന്ന കസേരയിലിരിക്കുന്നവർ ആ പദവിയുടെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. തങ്ങൾ ഇരിക്കുന്നത് ഏത് സ്ഥാനത്താണെന്ന് ഓർക്കണമെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരോക്ഷമായി ലക്ഷ്യമിട്ടാണ് ഗണേശ് കുമാർ പരാമർശം നടത്തിയത്.
എൻ.എസ്.എസിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണെന്ന് ഗണേശ് കുമാർ ആരോപിച്ചു. സംഘടനയിലെ ഒരാൾ തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെ ജോലിക്ക് കയറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഘടനയ്‌ക്ക് സാമ്പത്തിക ശേഷിയുണ്ടായിട്ടും എന്തുകൊണ്ട് മെഡിക്കൽ കോളേജോ ഐ.ടി പാർക്കോ തുടങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
'മെഡിക്കൽ കോളേജിലെ തൂപ്പുജോലിക്ക് പോലും യോഗ്യതയുള്ളവർ ഈ വ്യക്തിയുടെ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ടാണ് മെഡിക്കൽ കോളേജ് വരാത്തത്' എന്നും ഗണേശ് കുമാർ പരിഹസിച്ചു. സമുദായത്തിലെ യുവതീ യുവാക്കൾക്ക് മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം ചായക്കട തുടങ്ങാനാണ് പറയുന്നതെന്നും തിരുവനന്തപുരത്തെ പ്രമുഖ നായർ നേതാക്കന്മാർ ഇപ്പോൾ ചായക്കട നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ സമയത്തും സംഘടനയ്‌ക്കെതിരെ ഗണേശ് കുമാർ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Former Kerala minister K.B. Ganesh Kumar has strongly criticized the leadership of the Nair Service Society (NSS), alleging a lack of democracy and widespread nepotism within the organization.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |