
തിരുവനന്തപുരം: ആശമാരൊഴുക്കിയ കണ്ണീർപ്പുഴയിൽ അവരുടെ സമരത്തെ അപഹസിച്ച സർക്കാർ ഒഴുകിപ്പോയെന്ന് ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ പറഞ്ഞു.സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് യൂണിയന്റെ ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക സംഗമത്തോട് അനുബന്ധിച്ച് നടന്ന ആലോചനയോഗത്തിൽ സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ ബേബിയോടും അന്നത്തെ മന്ത്രി സജി ചെറിയാനോടും ഉൾപ്പെടെ ആശാ സമരം പരിഹരിക്കാൻ അഭ്യർത്ഥിച്ചിരുന്നതായി പ്രേംകുമാർ വെളിപ്പെടുത്തി.
കലാപ്രവർത്തകന്റെ വികാരമാണ് പ്രകടിപ്പിച്ചത്. സ്ഥാനമാനങ്ങൾ സംരക്ഷിക്കാനായി നിശബ്ദനാകാൻ കഴിയില്ല. ആശമാർക്കായി സംസാരിച്ചതിന് രക്തസാക്ഷി പര്യവേഷം തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സർക്കാർ വർദ്ധിപ്പിച്ച 3000 രൂപ ആശ്വാസ തുകയാണെന്നും സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പരിശ്രമം തുടരുമെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു പറഞ്ഞു.
തൊഴിലാളികളെ ആക്ഷേപിച്ച് സമരത്തെ തല്ലിയൊതുക്കാൻ ശ്രമിച്ച സർക്കാരിനുള്ള മറുപടിയാണ് ഈ വിജയമെന്ന് സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു.അഞ്ഞൂറോളം പേരാണ് 'ആശാകേരളം വിജയപാതയിൽ മുന്നോട്ട് ' എന്ന പരിപാടിയിൽ പങ്കെടുത്തത്. 266 ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരം വിജയിച്ചതിന്റെ സന്തോഷത്തിൽ പായസവും വിതരണം ചെയ്തു. 2025 ഫെബ്രുവരി 10നാണ് ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങിയത്.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി, വൈസ് പ്രസിഡന്റ് കെ.പി റോസമ്മ,പ്രൊഫ.എം.പി മത്തായി,ജോസഫ്. സി. മാത്യു,ഡോ.ആസാദ്, ഒ.വി ഉഷ ,റെജിമോൻ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |