SignIn
Kerala Kaumudi Online
Sunday, 07 June 2026 4.37 AM IST

മെഡി.കോളേജിൽ വീണ്ടും ചികിത്സാപിഴവ് പ്രസവത്തിനിടെ നവജാത ശിശുവിന്റെ കെെയൊടിഞ്ഞു

READ ENGLISH VERSION
1

കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കെെയൊടിഞ്ഞതായി കുടുംബം. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ അമല വി.ആർ-സുജിൻ ദമ്പതികളുടെ പെൺകുഞ്ഞിന്റെ വലത് കെെയ്ക്കാണ് പരിക്കേറ്റത്. പ്രസവസമയത്തുതന്നെ കുഞ്ഞിന്റെ കെെയൊടിഞ്ഞിരുന്നെന്നും ചികിത്സ നിഷേധിച്ചെന്നുമാണ് ആരോപണം.

രണ്ടാമത്തെ പ്രസവത്തിനായി മേയ് 14ന് പുലർച്ചെയാണ് അമലയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.ഉച്ചയോടെ പ്രസവിച്ചു. കുഞ്ഞിനെ തനിക്ക് തന്നിരുന്നെങ്കിലും ഉടൻ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.പ്രസവത്തിനിടെ ഡോക്ടർമാർ “ഷോൾഡർ, ഷോൾഡർ”എന്ന് പറയുന്നത് കേട്ടെന്നും അമല പറഞ്ഞു.പിന്നെ കുഞ്ഞിനെ തന്നെയോ ഭർതൃമാതാവിനെയോ കാണിച്ചില്ലെന്നും പിറ്റേന്ന് കുഞ്ഞിനെ കാണുമ്പോൾ കൈയിൽ ബാൻഡേജ് ഇട്ടിരുന്നെന്നും അമലകൂട്ടിച്ചേർത്തു.അന്വേഷിച്ചപ്പോൾ കൈയിലെ എല്ല് പൊട്ടിയതാണെന്ന് പറഞ്ഞു.

17ന് ഉച്ചയ്ക്ക് കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെ ബാൻഡേജ് അഴിഞ്ഞുപോയ വിവരം ഡോക്ടർമാരെ അറിയിച്ചിട്ടും രാത്രി ഒൻപത് വരെ ആരും എത്തിയില്ല.വേദന കാരണം കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നതിനാൽ ഡിസ്ചാർജ് വാങ്ങി മറ്റൊരു ആശുപത്രിയിൽ ചികിത്സതേടിയതായും അമല പറഞ്ഞു.നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളേജ് പൊലീസ്,എലത്തൂർ എം.എൽ.എ അഡ്വ.വിദ്യ ബാലകൃഷ്ണൻ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.സൂപ്രണ്ട് ഗെെനക്കോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വൃക്കയിലെ കല്ല് നീക്കാനെത്തിയ നാദാപുരം വാണിമേൽ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് എം.പി ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ചിരുന്നു.

കുഞ്ഞിന് ഷോൾഡർ ഡിസ്റ്റോഷ്യ

ജനിക്കുമ്പോൾ കുഞ്ഞിന് ഭാരം 3.37 ആയിരുന്നു. ഭാരം കൂടുതലായതിനാൽ ഷോൾഡർ ഡിസ്റ്റോഷ്യ (കുഞ്ഞിന്റെ തല പുറത്തുവന്ന ശേഷവും തോളുകൾ അമ്മയുടെ പെൽവിസിൽ കുടുങ്ങി പ്രസവം ബുദ്ധിമുട്ടാകുന്ന അവസ്ഥ) എന്ന സങ്കീർണാവസ്ഥയാണ് പ്രസവത്തിനിടെ ഉണ്ടായതെന്ന് മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ.അരുൺ പ്രീത് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടി വന്നു. കുഞ്ഞിന് വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് സൂപ്രണ്ടിന് നൽകിയതായും ഗെെനക്കോളജി മേധാവി ഡോ.ജ്യോതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA