
തിരുവനന്തപുരം: ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ നടപടിയെടുക്കാത്ത ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർക്കും സമൻസ്. മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് സമൻസ് അയയ്ക്കാൻ ഉത്തരവിട്ടത്.
റോഡുകൾ പൈപ്പ് അറ്റകുറ്റപ്പണിക്കായി ജല അതോറിട്ടി കുത്തിപ്പൊളിക്കുന്നതിന് പരിഹാരം കാണാൻ ഉന്നത ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ ടീം രൂപീകരിക്കണമെന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ 2024 ഓഗസ്റ്റ് 14ന് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതിനെത്തുടർന്നാണ് നടപടി. സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം അറിയിച്ചില്ലെങ്കിൽ ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ജല അതോറിട്ടി എം.ഡിക്കുമെതിരെ വാറണ്ട് നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും ഉത്തരവിലുണ്ട്.
പൈപ്പിടാൻ എടുക്കുന്ന കുഴികൾ സമയബന്ധിതമായി മൂടാൻ ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതയോഗം വിളിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഒരിക്കൽ കുഴിച്ച് പൈപ്പിട്ട റോഡുകൾ വീണ്ടും കുഴിക്കുന്നത് ഗൗരവമായി പരിശോധിക്കണമെന്നും ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഒരുമാസത്തിനകം സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർ അവഗണിച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കുന്നതായുള്ള വാർത്തകളും സ്മാർട്ട് സിറ്റി റോഡുകൾ പോലും വെട്ടിപ്പൊളിക്കാൻ തുടങ്ങിയെന്നുള്ള പരാതിയും കമ്മിഷന് ലഭിച്ചു.
പൊതുജന താത്പര്യമുള്ള വിഷയത്തിൽ ജലവിഭവ വകുപ്പ് കാണിക്കുന്ന നിസംഗതയും അവഗണനയും നിർഭാഗ്യകരമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |