
തിരുവനന്തപുരം: പകൽ സമയത്തെ മിച്ച വൈദ്യുതി രാത്രിയിലും ഉപയോഗിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജുകൾ (ബെസ്) വ്യാപകമാക്കാൻ കെ.എസ്.ഇബിക്ക് റഗുലേറ്ററി കമ്മിഷൻ നിർദ്ദേശം നൽകി. സംസ്ഥാനത്തെ ഊർജ്ജപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് സോളാർ വൈദ്യുതിയെ പരിഗണിച്ചുള്ള നിർദ്ദേശം. ബ്രഹ്‌മപുരത്ത് ബെസ് സ്ഥാപിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിലാണ് സംസ്ഥാനത്തെ ബാറ്ററി എനർജ് സ്റ്റോറേജിന്റെ അനിവാര്യത കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്.ബെസ് വ്യാപിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വൈദ്യുതി വാങ്ങൽചെലവ് ഗണ്യമായി കുറയ്ക്കാനാകും. പ്രതിവർഷം 13,000 കോടി രൂപ വരെ വൈദ്യുതി വാങ്ങാൻ കേരളം ചെലവിടുന്ന സാഹചര്യം നിലനിൽക്കെയാണ് സോളാറിന്റെ പ്രധാന്യം ഓർമ്മിപ്പിച്ചുള്ള കമ്മിഷൻ ഇടപെടൽ.
വൈദ്യുതിവില പകുതിയാകും
പീക് സമയത്ത് വൈദ്യുതി കേരളത്തിനു പുറത്തുനിന്നു വാങ്ങാൻ യൂണിറ്റിന് 10 രൂപവരെ നൽകേണ്ടിവരും. ബെസിൽ നിന്ന് 5-6 രൂപ നിരക്കിൽ കിട്ടും. മുഴുവൻ സമയവും വൈദ്യുതി ലഭിക്കുന്ന കരാറുകൾ വഴിയാണ് കെ.എസ്.ഇ.ബി ഇപ്പോൾ പ്രധാനമായും വൈദ്യുതി വാങ്ങുന്നത്. പകൽ അധികമുള്ള വൈദ്യുതി തിരിച്ച് കമ്പനികൾക്ക് നൽകുന്നതിനും കെ.എസ്.ഇ.ബി നിശ്ചിതചാർജ് നൽകേണ്ടിവരുന്നു. ബെസ് വ്യാപകമാകുന്നത് അധികചെലവു ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷ.
ഉത്പാദനം കൂടി
സോളാർ പാനലുകളിൽനിന്നുള്ള ഉത്പാദനം കൂടി. അധിക വൈദ്യുതി സംഭരിക്കാൻ നിലവിൽ സംവിധാനമില്ല. ഉപഭോക്താക്കൾ ഗ്രിഡിലേക്ക് നൽകുന്നതടക്കമുള്ള അധിക വൈദ്യുതി ഗ്രിഡ് വഴി ബെസിൽ ശേഖരിക്കും. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളാണ് ബാറ്ററി എനർജ് സ്റ്റോറേജ് സംവിധാനം ഒരുക്കുന്നത്. നിലവിൽ സംസ്ഥാനത്ത് അഞ്ചിടത്ത് ഇതിന്റെ പ്രവർത്തനം തുടങ്ങി. ആറാമത്തേതാണ് ബ്രഹ്‌മപുരത്ത്. ഈ കമ്പനികളുമായി താരിഫ് നിശ്ചയിച്ചാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.
കേന്ദ്ര നയം കരുത്താകും
വൈദ്യുതി മേഖലയിൽ ബാറ്ററി എനർജി സ്റ്റോറേജിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേത്. കഴിഞ്ഞ ബഡ്‌ജറ്റിൽ 5400 കോടിയാണ് വിഹിതം. കേരളമടക്കം 15 സംസ്ഥാനങ്ങളിലെയും എൻ.ടി.പി.സിയുടെയും പദ്ധതികളെ കേന്ദ്രം ഇതിൽ ഉൾപ്പെടുത്തിയിരുന്നു. വി.ജി.എഫ് ആയാണ് കേന്ദ്രസഹായം ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |