
കണ്ണൂർ:ബംഗളൂരു സർക്കാർ ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട ചക്കരക്കല്ല് സ്വദേശിയുടെ മൃതദേഹം ഖബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.ഇരിവേരി ഹിദായത്തുൽ ഇസ്ലാം സഭ ജുമാമസ്ജിദ് കബർസ്ഥാനിൽ കഴിഞ്ഞ മാർച്ച് 16ന് കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചക്കരക്കല്ല് മുതുകുറ്റി നൂറുൽ ഹുദ മദ്രസയ്ക്ക് സമീപം നസീറ മൻസിലിൽ സി.വി.ഷാനവാസ് (45) വിക്ടോറിയ സർക്കാർ ആശുപത്രിയിൽ പൈൽസ് ശസ്ത്രക്രിയ നടത്തി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ഭാര്യ ഷെർളി ബംഗളൂരു പൊലീസിൽ പരാതിപ്പെട്ടിരുന്നു.പോസ്റ്റുമോർട്ടം നടത്തിയില്ലെന്നും വാർഡിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും നിരുത്തരവാദപരമായാണ് ആശുപത്രി അധികൃതർ പെരുമാറിയതെന്നും പരാതിയിൽ ആരോപിച്ചു.കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന കർണാടക പൊലീസിന്റെ തീരുമാനത്തെ തുടർന്നാണ് അവർ കേരള പൊലീസുമായും റവന്യൂ അധികൃതരുമായും ബന്ധപ്പെട്ടത്.
ഇന്നലെ രാവിലെ ഇരിവേരിയിലെത്തിയ കർണാടക പൊലീസ് ചക്കരക്കൽ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പരിയാരം മെഡിക്കൽ കോളേജ് ഫോറൻസിക് സർജന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.ഷാനവാസിന്റെ ഭാര്യ ഉൾപ്പെടെ ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |