
പത്തനംതിട്ട: തിരുവോണദിനത്തിൽ വൈകിട്ട് 6.30ന് അമിതവേഗത്തിലെത്തിയ കാർ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കോയിക്കൽ വീട്ടിൽ അബൂബക്കർ (74) ആണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ വാഗണർ കാർ മറ്റ് രണ്ടു കാറിലും ബൈക്കിലും ഇടിച്ചശേഷം കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശികളായ വിജയ് മണ്ഡൽ (18), അഷ്‌കുൽ (19), അങ്കിത് (22), ആന്റണീസ് മിഞ്ച് (33), സഞ്ജിത്ത് (18) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ നൽകി. പരിക്കേറ്റ് റോഡിൽ കിടന്നവരെ പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു, കാറോടിച്ച പത്തനംതിട്ട പുത്തൻപീടിക കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48) , ഓമല്ലൂർ വിശ്വഭവനിൽ വിശ്വജിത്ത് (24) എന്നിവരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ജിനുവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് റിമാൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അബുബക്കറിന്റെ കബറടക്കം ഇന്ന് വൈകിട്ട് 5ന് നടക്കും. ഭാര്യ: റഷീദാ ബീവി. മക്കൾ: രഹാന ബക്കർ, സഫാന ബക്കർ. മരുമകൻ: ഷമീർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |