
കൊച്ചി: അനാശാസ്യകേന്ദ്രത്തിലെത്തുന്ന 'കസ്റ്റമറും" അനാശാസ്യപ്രവർത്തന നിരോധനനിയമപ്രകാരം കുറ്റക്കാരനാണെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച്.
സിംഗിൾബെഞ്ചുകൾ ഭിന്ന ഉത്തരവുകൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തതവരുത്തിയത്. വിഷയം ചീഫ് ജസ്റ്റിസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടുകയായിരുന്നു.
ഇടപാടുകാരനെ കുറ്റക്കാരനായി കാണാനാകുമോ എന്ന നിയമപ്രശ്‌നമാണ് ഡിവിഷൻബെഞ്ച് പരിശോധിച്ചത്. സാമ്പത്തിക നേട്ടത്തിനായി വ്യക്തികളെ ചൂഷണം ചെയ്യുന്ന വാണിജ്യസ്ഥാപനമാണ് അനാശാസ്യ കേന്ദ്രമെന്ന് കോടതി വിലയിരുത്തി. ലൈംഗികത്തൊഴിലാളി ഇവിടെ കച്ചവടവസ്തുവായി മാറുകയാണ്. നടത്തിപ്പുകാരൻ പണം നേടുന്നു. സേവനം തേടിയെത്തുന്നവരുടെ അഭാവത്തിൽ ഇത്തരം നിയമവിരുദ്ധ വാണിജ്യപ്രവർത്തനം നടക്കില്ല. സൗകര്യങ്ങൾ ഒരുക്കി നടത്തിപ്പുകാരൻ ലാഭം കൊയ്യുമ്പോൾ ഇടപാടുകാരൻ അതിനെ പരിപോഷിപ്പിക്കുകയാണ്.
സാഹചര്യങ്ങളുടെ സമ്മർദ്ദത്താലാണ് ലൈംഗികത്തൊഴിലാളികൾ ഉണ്ടാകുന്നത്. നടത്തിപ്പുകാരനും കസ്റ്റമറും ഉണ്ടെങ്കിലേ അനാശാസ്യ കേന്ദ്രങ്ങളിലെ ചൂഷണം നടക്കുകയുള്ളൂ. ഇടപാടുകാരൻ പ്രതിയായില്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യത്തിൽ വെള്ളം ചേർക്കുന്നതിന് തുല്യമാകും. അതിനാൽ കസ്റ്റമറെ ക്രിമിനൽ ബാദ്ധ്യതയിൽനിന്ന് ഒഴിവാക്കാനാകില്ല. അനാശാസ്യ കേന്ദ്രത്തിലെത്തുന്ന കസ്റ്റമർ കുറ്റക്കാരല്ലെന്ന നിരീക്ഷണമുള്ള സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവുകൾ ഡിവിഷൻബെഞ്ച് റദ്ദാക്കി. മറിച്ചുള്ള ഉത്തരവുകൾ ശരിവെച്ചു.
അതേസമയം, തീർപ്പായ ഹർജികളിലെ കക്ഷികൾക്ക് പുതിയ നിരീക്ഷണങ്ങൾ ബാധകമാകില്ലെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |