
ചെങ്ങന്നൂർ: രാവിലെ സ്കൂളിലേക്ക് പാേയ
പതിമൂന്നുകാരനായ വിദ്യാർത്ഥിയെ കാണാതായതിനു പിന്നാലെ തട്ടിക്കൊണ്ടുപോയെന്ന് കത്ത്.
പുലിയൂർ സുനിൽ ഭവനിൽ സുനിലിൻ്റേയും മായയുടെയും മകനായ കൈലാസിനെയാണ് ഇന്നലെ രാവിലെ 8.45 മുതൽ കാണാതായത്. വീട്ടിൽ നിന്ന് പോയതിന് പിന്നാലെ, കുട്ടിയെ തട്ടിക്കൊണ്ടു പോവുകയാണെന്ന് എഴുതിയ കത്ത് വീടിൻ്റെ
ഗേറ്റിലെ ഗ്രില്ലിൽ നിന്ന് ലഭിക്കുകയായിരുന്നു. ചെറിയനാട് എസ്എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.
രാവിലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കൈലാസ് വീട്ടിൽ നിന്നിറങ്ങിയത്.
ഓട്ടോയിൽ കയറ്റിവിടാൻ അമ്മ കൂടെവരാമെന്ന് പറഞ്ഞെങ്കിലും കുട്ടി നിരസിച്ചു. സ്വയം ഓട്ടോറിക്ഷയിൽ പോകാമെന്നും പറഞ്ഞു. കുട്ടി പോയതിന് പിന്നാലെയാണ് കത്ത് കണ്ടത്. 'നിങ്ങളുടെ മകനെ കൊണ്ടുപോവുകയാണെന്നും ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് പോകുന്നതെന്നും തിരക്കിവരേണ്ടെ'ന്നും കത്തിലുണ്ട്. തുടർന്ന് സ്കൂളിലും ഓട്ടോ ഡ്രൈവറുമായും മാതാപിതാക്കൾ ബന്ധപ്പെട്ടപ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. 3,500 രൂപയും കൈലാസിനു വേണ്ടി വാങ്ങിയ പുതിയ വസ്ത്രങ്ങളും ജ്യേഷ്ഠൻ്റെ മൊബൈൽ ഫോണും വീട്ടിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. കുട്ടി കൊണ്ടുപോയ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. കഴിഞ്ഞ ദിവസം സയൻസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനെക്കുറിച്ച് ടീച്ചർ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നെന്ന് പിതാവ് സുനിൽ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം. ഫോൺ: 9539220982, 8156864281
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |