SignIn
Kerala Kaumudi Online
Saturday, 03 October 2026 1.20 AM IST

ആഫ്രിക്കക്കാർക്ക് കുടിവെള്ളം ഉറപ്പാക്കാൻ മലയാളി

padam

കൊച്ചി: ആഫ്രിക്കൻ ജനതയ്‌ക്ക് ജീവ ജലവും ശുചിത്വവും ഉറപ്പാക്കുന്ന പദ്ധതികളുടെ ചുമതലയിൽ തൃശൂർ സ്വദേശി. ആഫ്രിക്കയിൽ ഐക്യരാഷ്ട്രസഭയുടെ പ്രോജക്ട് ആൻഡ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ഉപദേഷ്ടാവായി തൃശൂർ ചേർപ്പ് സ്വദേശി ഡോ. അജയ്യകുമാറിനെ (56) നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തെത്തുന്നത്. യു.എ.ഇയിലെ വൻകിട ഐ.ടി കമ്പനിയായ എമിക്രോമിന്റെ സി.ഒ.ഒ ആയ അജയ്യകുമാറിന്റെ 30 വർഷത്തെ സാമൂഹ്യ പ്രവർത്തനമാണ് വഴിത്തിരിവായത്. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. കിരൺ ബേദിയുമായി ചേർന്ന് മൈൻഡ് ഫുൾ പാരന്റിംഗ് എന്ന പ്രതിവാര ഓൺലൈൻ പരിപാടിയും നടത്തുന്നുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുൾപ്പെടെ പങ്കെടുക്കുന്ന പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആറു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

സിസ്റ്റം മാനേജ്‌മെന്റിൽ ബിരുദം

ഇടത്തരം കുടുംബാംഗമായ അജയ്യകുമാർ ചെറുപ്പം മുതൽ കലയിലും സാഹിത്യത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും തത്പരനായിരുന്നു. തൃശൂർ സെന്റ് തോമസ് കോളേജിലെ പഠനത്തിന് ശേഷം മുംബയിൽ നിന്ന് ഐ.സി.ഡബ്ല്യു.എ ഡിപ്ലോമയും എൻ.ഐ.ടിയിൽ നിന്ന് സിസ്റ്റം മാനേജ്‌മെന്റിൽ ബിരുദവും സ്വന്തമാക്കി. അമേരിക്കയിൽ നിന്ന് സി.എം.എ നേടി അബുദാബിയിലേക്ക് . കല, സാഹിത്യ, സാമൂഹ്യ പ്രവർത്തനങ്ങളുമായി പ്രവാസ ലോകത്ത് സജീവം. ഈ വർഷമാദ്യം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ സാമ്പത്തിക സാമൂഹിക സമിതിയുടെ പ്രതിനിധിയായി. ചേർപ്പ് വരുതിയിൽ വീട്ടിൽ എ.എം.എൻ നായരുടെയും ഭാരതിയുടെയും മകനാണ്. രാഖി മേനോനാണ് ഭാര്യ. മക്കൾ: അപർണ, ജാഹ്നവ്.

'വലിയ ഉത്തരവാദിത്വമാണ് തേടിയെത്തിയത്. പദ്ധതികൾ നടപ്പിലാക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പരിമിതികളുണ്ടാകാം. ഫണ്ട് ഉൾപ്പെടെ കണ്ടെത്താനും ശ്രമിക്കും'
--ഡോ. അജയ്യകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AFRICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA