തിരുവന്തപുരം: ഡൽഹിയിൽ യുദ്ധസമാന സാഹചര്യമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. രാജ്യതലസ്ഥാനത്ത് അതിർത്തിയിലില്ലാത്ത സേനാവിന്യാസവുമായി ഒരു ഭരണകൂടം സ്വന്തം പൗരരെ മുഴുവൻ ശത്രുരാജ്യത്തെ പോലെ നേരിടുകയാണെന്നും എംപിമാരുടെ വസതികളിൽ പോലും പ്രക്ഷോഭകരെ തേടി സുരക്ഷാസേനയെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'സർവ്വകലാശാലകൾ മുഴുവൻ സുരക്ഷാ സേനയുടെ വലയത്തിലാണ്. തെരുവിലിറങ്ങിയ എല്ലാവരേയും കസ്റ്റഡിയിലെടുക്കുന്നു. അടിയന്തിരാവസ്ഥ തിരിച്ചു വന്നിരിക്കുന്നു. ഇന്ദിരയുടെ അടിയന്തിരാവസ്ഥയിൽ കൽത്തുറുങ്കിൽ മർദ്ദനത്തിനിരയായവരാണ് പിണറായിയും ബേബിയും. അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തിൽ അവരും അണിനിരന്നു. ഇന്ന് സ. എം എ ബേബിയെ എത്ര ക്രൂരമായാണ് ഡൽഹി പോലീസ് കൈകാര്യം ചെയ്തത്.
പിണറായിയും ബൃന്ദാ കാരാട്ടും ഗോവിന്ദൻ മാസ്റ്ററും അടക്കം എല്ലാ സിപിഐ എം നേതാക്കളും കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി സുർജിത് ഭവനിൽ എസ് എഫ് ഐ പ്രവർത്തകരെ തേടി സുരക്ഷാ സേന വൻ സന്നാഹവുമായി റെയ്ഡിനെത്തുന്നു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിരോധം തീർത്തു. ഇന്ത്യൻ ജനാധിപത്യത്തിന് അള്ളുവെച്ച മോദിഭരണ കൂടം ഡൽഹിയിലെ തെരുവുകളിൽ മുഴുവൻ അള്ളുപാകിയിരിക്കുന്നു.
ഇന്ന് രാവിലെ ധ്രുവ് റാഠിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നു. അഭിജിത് ദീപ്‌കേ,സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ വിമാനത്തിൽ കയറി പൊലീസ്, ഐബി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുന്നു. തലസ്ഥാന നഗരിയിൽ പത്തു തടങ്കൽ പാളയങ്ങൾ പുതുതായി സൃഷ്ടിച്ചിരിക്കുന്നു!ഗുജറാത്തിലും ബിഹാറിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമുള്ള എസ് എഫ് ഐ നേതാക്കളെല്ലാം വീട്ടുതടങ്കലിലോ കസ്റ്റഡിയിലോ ആണ്.
ഈ അടിച്ചമർത്തലിനെതിരായി ഇന്ന് രാജ്യം മുഴുവൻ പ്രതിഷേധമുയരും.പാലക്കാട്ടെ പ്രതിഷേധത്തിൽ ഞാനുമുണ്ടാവും. ഈ സമരമുഖത്ത് തുടക്കം മുതൽ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സാന്നിധ്യമുണ്ട്. സ. എം എ ബേബിയും ബൃന്ദ കാരാട്ടും പുതു തലമുറ പോരാളികൾക്കൊപ്പം തോളോട് തോൾ ചേർന്ന് തുടക്കം മുതൽ പൊരുതുന്നു. ഇടതുപക്ഷ എംപിമാർ തെരുവിൽ തന്നെയുണ്ട്. സമരത്തിന് അവധികൊടുക്കുകയല്ല, സിപിഐ എം കേന്ദ്ര കമ്മിറ്റി മാറ്റിവെച്ച് ഇന്ന് സമരത്തിൽ അണിനിരക്കുകയാണ് പാർട്ടി ചെയ്തത്. പോരാട്ടങ്ങൾക്ക് അവധിയില്ല എന്നാണ് ഇടതുപക്ഷം പ്രഖ്യാപിക്കുന്നത്. പോരാട്ടത്തിൽ ജീവിതവും കീഴടങ്ങലിൽ മരണവും കണ്ട ധീരരുടെ പിൻ തലമുറയാണ് ഇടതുപക്ഷമെന്ന് ഒരിക്കൽ കൂടി തെളിയുന്നു'-എംബി രാജേഷ് കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |