SignIn
Kerala Kaumudi Online
Monday, 22 June 2026 8.23 PM IST

മാണിയുടെ പ്രത്യയശാസ്ത്രം തോറ്റു, പിളർന്നിട്ടും വളരാതെ കേരള കോൺഗ്രസുകൾ

jose

കോട്ടയം: 53 വ‌ർഷക്കാലം പാലായെ നെഞ്ചോടു ചേർത്തുവച്ച കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയെ പാലാ കൈവിട്ടു. 12 സീറ്റിൽ മത്സരിച്ച് 5 സീറ്റ് സ്വന്തമാക്കിയെങ്കിലും ഇടതുമുന്നണി മന്ത്രിസഭയിൽ ജോസിന്റെ ചിരകാല സ്വപ്നം പൂവണിയില്ല. കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് വിജയിച്ചുകയറിയെങ്കിലും പാർട്ടിക്ക് സംസ്ഥാന പദവി നഷ്ടപ്പെട്ടു. പത്തു സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റ് മാത്രമേ ലഭിച്ചുള്ളു. ചുരുക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു കേരള കോൺഗ്രസുകളുടെയും നട്ടെല്ലൊടിഞ്ഞുവെന്നതാണ് സത്യം.

കേരള കോൺഗ്രസ് -എമ്മിന്റെ ഇടതുമുന്നണി പ്രവേശനം എൽ.ഡി.എഫിന് ഗുണം ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ കേരള കോൺഗ്രസിന് നാല് സീറ്റും കോൺഗ്രസിന് രണ്ട് സീറ്റും കോട്ടയം ജില്ലയിലുണ്ടായിരുന്നു. എന്നാൽ, സി.പി.എം, സി.പി.ഐ എന്നിവർക്ക് ഓരോ സീറ്റും ജനപക്ഷത്തിലെ പി.സി. ജോർജും വിജയിച്ചിരുന്നു. ഇതോടെ യു.ഡി.എഫ് കോട്ട എന്ന വിശേഷണം കോട്ടയത്തിന് നഷ്ടമായി. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ജോസിന്റെ മുന്നണി പ്രവേശം എൽ.ഡി.എഫിന് ഗുണം ചെയ്തു.

ഇനി ജോസിന് പാർട്ടി ചെയർമാൻ എന്ന പദവിയിലിരുന്ന് പാർട്ടിയെ നയിക്കാം. ജോസ് തോറ്റതോടെ പാർട്ടിക്ക് ലഭിക്കുന്ന മന്ത്രിസ്ഥാനം ആർക്കാവും നല്കുകയെന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കയാണ് അഞ്ച് എം.എൽ.എമാരും. കേരള കോൺഗ്രസിന്റെ ചരിത്രം അറിയാവുന്നവർക്കറിയാം മന്ത്രിസ്ഥാനത്തിനായി ഓരോരുത്തവരും മുറവിളി കൂട്ടും. ആർക്ക് കൊടുത്ത് പ്രശ്നം പരിഹരിക്കുകയെന്നതാവും ഇനി ജോസിന്റെ ആദ്യകടമ്പ. കൂടുതൽ മന്ത്രിസ്ഥാനം ജോസ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

മിക്കവാറും ഇടുക്കിയിലെ റോഷി അഗസ്റ്റിൻ മന്ത്രിയായേക്കും. കേരള കോൺഗ്രസുകൾ നേർക്കുനേർ മത്സരിച്ചത് ചങ്ങനാശേരി, കടുത്തുരുത്തി, തൊടുപുഴ, ഇടുക്കി എന്നിവിടങ്ങലിലാണ്. ഇതിൽ തൊടുപുഴയും കടുത്തുരുത്തിയും ജോസഫ് വിഭാഗം വിജയിച്ചപ്പോൾ ചങ്ങനാശേരിയിലും ഇടുക്കിയിലും ജോസ് വിഭാഗം കൈക്കലാക്കി.

2016ൽ യു.ഡി.എഫിലായിരുന്ന കേരള കോൺഗ്രസുകൾ മത്സരിച്ചത് 15 സീറ്റിലായിരുന്നു. ഇതിൽ ആറ് സീറ്റ് നേടാനായി. എന്നാൽ, ഇക്കുറി ഇരുമുന്നണികളിലായി 22 സീറ്റിൽ മത്സരിച്ചപ്പോൾ ലഭിച്ചത് ഏഴ് സീറ്റ് മാത്രം.

സിറ്റിംഗ് എം.എൽ.എ യായ മോൻസ് ജോസഫിന് ഇക്കുറി ലഭിച്ചത് 4,256 വോട്ടിന്റെ ഭൂരിപക്ഷമാണ്. കഴിഞ്ഞതവണ ഇത് 42,256 വോട്ടായിരുന്നു. പി.ജെ. ജോസഫിന് കിട്ടിയത് 20,259 വോട്ടിന്റെ ഭൂരിപക്ഷവും. റോഷി അഗസ്റ്റിന് 5,573 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

സി.പി.എം ജോസിനെ കാലുവാരിയെന്ന് ആരോപണം

കേരള കോൺഗ്രസ് -എമ്മിന്റെ പ്രധാന തട്ടകമായ പാലായിൽ ജോസ് തോൽക്കാൻ യാതൊരു കാരണവുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സി.പി.എം കാലുവാരിയതാണെന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ കേരള കോൺഗ്രസ് -എം ആവശ്യപ്പെടുമെന്നറിയുന്നു.

ജോസ് വിജയിച്ച് നിയമസഭയിലെത്തിയാൽ പ്രധാന വകുപ്പുകളിൽ മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം ചൊലുത്തുമെന്ന ഭയത്താലാണ് ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് പരക്കെയുള്ള ആരോപണം. കൂടാതെ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് പാലാ നഗരസഭയിൽ കേരള കോൺഗ്രസ്-എം സി.പി.എം അംഗങ്ങൾ തമ്മിൽ കൈയേറ്റവും ഉണ്ടായി. ഇത് ജോസിന്റെ വിജയത്തിന് വിലങ്ങുതടിയായി. ഇത് പാർട്ടി അറിഞ്ഞുകൊണ്ടാണോ നടന്നതെന്നതിനെക്കുറിച്ചും അന്വേഷണം ഉണ്ടായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM, ELECTION, JOSE K MANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA