SignIn
Kerala Kaumudi Online
Saturday, 16 May 2026 5.18 AM IST

'കെസിയെ പിന്തുണച്ചാൽ വയനാട് മറന്നേക്കണം'; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ പോസ്റ്റർ ഭീഷണി

rahul-gandhi

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെസി വേണുഗാപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് പോസ്റ്റർ മുന്നറിയിപ്പ് നൽകുന്നത്. കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ പെട്ടിചുമക്കുന്നയാൾ മാത്രമാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കണമെന്നും ഇനി ഇവിടെ വിജയിക്കില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഇത്തരം പോസ്റ്ററുകളെ വിലയിരുത്തുന്നത്.

അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് മുന്നേ ഹൈക്കമാൻഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഡൽഹിയിൽ ഇന്നലെയും നിർണായക ചർച്ച നടന്നു. ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിഭാഗവും കെസി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. കെസിയെ തന്നെയാകും ഹൈക്കമാൻഡ് നിർദേശിക്കുന്നതെന്ന് കെസിയെ പിന്തുണയ്‌ക്കുന്നവർ വിലയിരുത്തുമ്പോൾ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വിഡി, ആർസി പക്ഷങ്ങൾ. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് രാഹുൽഗാന്ധി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION, CM, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA