
തിരുവനന്തപുരം: പഠനകാലത്തെ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് രണ്ട് സുഹൃത്തുക്കൾ നിർമ്മിച്ച ലേർണിംഗ് വെബ്സൈറ്റ് 'എഡ്മി എ.ഐ" ആയിരങ്ങൾക്ക് വെളിച്ചമാകുന്നു. ശ്രീകാര്യം സി.ഇ.ടി കോളേജിലെ പൂർവവിദ്യാർത്ഥികളായ ശിമയോൻ സാമുവലും തേജസ് സുഷീലുമാണ് സ്റ്റാർട്ടപ്പിന് പിന്നിലെ മാസ്റ്റർ ബ്രെയിൻസ്.
യു.പി.എസ്.സി ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകളിൽ ചോദിക്കാൻ സാദ്ധ്യതയുള്ള വിഷയങ്ങൾ കണ്ടെത്തുക,ഉദ്യോഗാർത്ഥികൾക്ക് പഠനത്തിന് വ്യക്തമായ ദിശാബോധം നൽകുക തുടങ്ങിയവയാണ് എഡ്മിയുടെ ലക്ഷ്യം. രണ്ടാഴ്ച മുമ്പ് യു.പി.എസ്.സി പ്രിലിംസിനായി 266 വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പട്ടിക എഡ്മി എ.ഐ പുറത്തിറക്കിയിരുന്നു. തുടക്കക്കാർക്ക് സൗജന്യമായി ഉപയോഗിക്കാം. കൂടുതൽ ആവശ്യമെങ്കിൽ ഫീസ് ഈടാക്കും.
മണ്ണന്തല പൂക്കോയിക്കൽ വീട്ടിൽ ഡോ. സാമുവൽ ടി.വർഗീസിന്റെയും ഡോ. റേച്ചൽ സാമുവലിന്റെയും മകനാണ് ശിമയോൻ സാമുവൽ. തേജസ് സുഷീൽ, പട്ടം തൻവി വീട്ടിൽ റിട്ട. എച്ച്.എൽ.എൽ റീജിയണൽ മാനേജർ സുഷിൽ ചന്ദ്രകുമാറിന്റയും എൻ.താര ബായിയുടെയും മകനാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരികളാണ് ഇരുവരും. പഠനകാലം മുതൽ സാങ്കേതികവിദ്യയോടും വിദ്യാഭ്യാസ മേഖലയോടും ഉണ്ടായിരുന്ന കമ്പമാണ് സംരംഭകത്വത്തിലേക്ക് നയിച്ചത്.
എഡ്മി എ.ഐ
1.മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള എ.ഐ സ്മാർട്ട് ലേർണിംഗ് വെബ്‌സൈറ്റ്
2.നിലവിൽ ഓൺലൈൻ ക്ലാസുകൾ മാത്രം
3.ഓരോ വിഷയത്തിന്റെയും പശ്ചാത്തലം, പ്രധാന പോയിന്റുകൾ, റിവിഷൻ നോട്ടുകൾ, ബന്ധപ്പെട്ട ആശയങ്ങൾ, ചോദ്യ മാതൃകകൾ എന്നിവ നൽകും
5000ലേറെ ഉപയോക്താക്കൾ
കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ ആരംഭിച്ച സംരംഭത്തിന് നിലവിൽ 5,000ലധികം സജീവ ഉപയോക്താക്കളുണ്ട്. ഇതിൽ 500 പേർ യു.പി.എസ്.സി പ്രിലിംസ് നേടിയവരാണ്. പഠനസാമഗ്രികളിൽ ഭൂരിഭാഗവും സൗജന്യമായാണ് ലഭ്യമാക്കുന്നത്. യു.പി.എസ്.സി പ്രവചന മോഡ്യൂളിന് മാത്രമാണ് നിരക്ക് ഈടാക്കുന്നത്. ജൂലായ് അവസാനത്തോടെ പി.എസ്.സിക്കായും കോഴ്സുകൾ തുടങ്ങും.
കുറുക്കുവഴി കാണിച്ചുതരുന്നതല്ല ഞങ്ങളുടെ ലക്ഷ്യം. പഠനത്തിൽ ശ്രദ്ധിക്കേണ്ട മേഖലകൾ തിരിച്ചറിയാനും വിഷയങ്ങളെ ആഴത്തിൽ മനസിലാക്കാനും ഉദ്യോഗാർത്ഥികളെ സഹായിക്കുകയാണ് ഉദ്ദേശ്യം.
- ശിമയോൻ സാമുവൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |