SignIn
Kerala Kaumudi Online
Sunday, 04 October 2026 12.40 AM IST

എസ്.ഐയുടെ ഭീഷണി: വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറും അന്വേഷണം നടത്താൻ എ.ഡി.ജി.പി ഉത്തരവിട്ടു

police

തിരുവനന്തപുരം: വീട്ടിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തിയാൽ പൊലീസ് പാർട്ടി ഓഫീസിൽ കയറുമെന്ന് കന്റോൺമെന്റ് എസ്.ഐ ജി.ഗോകുലിന്റെ ഭീഷണി. ശബ്ദരേഖ പുറത്തുവന്നതോടെ അന്വേഷണം നടത്തി അടിയന്തര നടപടിയെടുക്കാൻ എ.ഡി.ജി.പി പി. വിജയൻ ഉത്തരവിട്ടു. സിറ്റി പൊലിസ് കമ്മീഷണർ ഡോ.അരുൾ ബി. കൃഷ്ണയ്ക്കാണ് നിർദ്ദേശം നൽകിയത്.എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദനെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. മർദ്ദനത്തിന് നേതൃത്വം നൽകിയ എസ്.എച്ച്.ഒ സതീഷ്, എസ്.ഐ ഗോകുൽ എന്നിവരുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് എസ്. എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. 'കന്റോൺമെന്റ് എസ്‌.ഐ ഗോകുലാണ് ഞാൻ, വീട്ടിലോട്ട് സമരം വന്നാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുത്തിരിക്കും. ഒരു പേടിയുമില്ല. ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്യ്. ബാക്കി ഞാൻ ചെയ്ത് കാണിക്കാം. ആഭ്യന്തരമന്ത്രി പറഞ്ഞതുകൊണ്ടാണ് അറസ്റ്റ് നീട്ടി വച്ചത്. നിങ്ങൾ മര്യാദക്കാണെങ്കിൽ മര്യാദ. നീ എവിടെ ഇരിക്കുകയാണെന്ന് നമുക്കറിയാം.' ഇതാരാണ് എന്ന് നന്ദൻ തിരിച്ചു ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.

കമ്മിഷണർ എസ്.ഐയെ വിളിച്ചുവരുത്തി വിശദീകരണം തേടി. അന്വേഷണ റിപ്പോർട്ട് ഉടൻ എ.ഡി.ജി.പിക്ക് കൈമാറും. വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് സൂചന. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ശിവൻകുട്ടിയും എസ്.എഫ്.ഐ നേതാക്കളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് എസ്.ഐക്കും സി.ഐക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA