
തിരുവനന്തപുരം: എൻ.ആർ.എസ്.ബാബുവിന്റെ വിയോഗത്തോടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അനുസ്മരിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായിരുന്ന എൻ.ആർ.എസ്.ബാബുവിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്തെ വാക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു യോഗം.
മാദ്ധ്യമരംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് തുടക്കമിട്ട എൻ.ആർ.എസ്.ബാബുവിന്റെ വനംകൊള്ള റിപ്പോർട്ട്, തന്റെ പിതാവ് കെ.കരുണാകരന്റെ മന്ത്രിസഭാകാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട് വനം മന്ത്രി ഡോ. കെ.ജി.അടിയോടിയുടെ രാജിക്കുവരെ അത് കാരണമായി. വാർത്ത റിപ്പോർട്ട് ചെയ്ത കേരള കൗമുദിക്കെതിരെ കേസ് കൊടുക്കണോ എന്നതിലുണ്ടായ രണ്ടഭിപ്രായം കോൺഗ്രസിൽ ഗ്രൂപ്പിസത്തിന് തുടക്കമിട്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
വാർത്തകൾ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് മാദ്ധ്യമ വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തിയിരുന്ന അദ്ധ്യാപകനായിരുന്നു എൻ.ആർ.എസ്.ബാബുവെന്ന് മന്ത്രി എം.ലിജു പറഞ്ഞു. മറ്റാരും പ്രതിപാദിക്കാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്ന പത്രപ്രവർത്തകനും നല്ലൊരു ഗായകനും ഗ്രന്ഥകർത്താവുമാണ് വിടവാങ്ങിയതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കോൺഗ്രസ് നേതാവ് എം.എം.ഹസൻ വ്യക്തമാക്കി. ഡോ. എം.ആർ.തമ്പാൻ സ്വാഗതം പറഞ്ഞു. മുൻമന്ത്രിമാരായ എം.വിജയകുമാർ, സി.ദിവാകരൻ, കോൺഗ്രസ് നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, പാലോട് രവി, കേരള കൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു, വയലാർ ഗോപകുമാർ,സി.റഹീം, എൻ.ആർ.എസ്.ബാബുവിന്റെ പേരക്കുട്ടി ആർച്ച എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |