
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി. മൂന്നാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖാണ് വിചാരണവേളയിൽ പ്രതിക്ക് അനുകൂലമായി മൊഴി തിരുത്തിയത്. കാർ അമിതവേഗതയിൽ ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നത് കണ്ടെന്നും വാഹനം ഓടിച്ചിരുന്നത് താടിവച്ച ശ്രീറാം വെങ്കിട്ടരാമനാണെന്ന് തിരിച്ചറിഞ്ഞെന്നുമായിരുന്നു ഷഫീഖ് നേരത്തെ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴി. തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിലെ വിചാരണയ്ക്കിടെയാണ് മൊഴിമാറ്റിയത്. അതേസമയം, നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി ഓഫീസിലെ വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകി. അപകടസമയത്ത് ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ വാഹനം ഇടിച്ചു കിടക്കുന്നത് കണ്ടെന്നും, വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് നാട്ടുകാരും പൊലീസും പറയുന്നതു കേട്ടെന്നും അറിയിച്ചു. അപകടസ്ഥലത്തു കണ്ടത് ശ്രീറാമിനെയാണെന്നും വ്യക്തമാക്കി. ഇതുവരെ നാല് സാക്ഷികളെയാണ് വിസ്തരിച്ചത്. 2019 ആഗസ്റ്റ് 3-ന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ.എം. ബഷീർ മരിച്ചത്. ശ്രീറാമാണ് ഒന്നാം പ്രതി. മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണ് ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി ബി. എസ്. രാജേഷ് ഹാജരായി.
കോടതി മാറ്റത്തിൽ
വിശദീകരണം തേടി
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനമിടിച്ചു മരിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റിയത് റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം അഡി. ജില്ലാ സെഷൻസ് കോടതി ഒന്നിലെ വിചാരണ, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പ്രതിഭാഗം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ നാലാം കോടതിയിലേക്ക് മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ സി.ജസീല നൽകിയ ഹർജിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് പരിഗണിച്ചത്.
ഹർജിക്കാരന്റെ ആവശ്യപ്രകാരം മാറ്റിയ കോടതിയിലെ നടപടികളിൽ പ്രതീക്ഷയില്ലെന്ന് ഹർജിയിൽ പറയുന്നു. പ്രോസിക്യൂഷനല്ലാതെ സ്വന്തമായി അഭിഭാഷകനെ വച്ചിട്ടില്ലെന്നും അറിയിച്ചു. അപകടമുണ്ടാക്കിയ വാഹനമോടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനടക്കം ഹർജിയിൽ എതിർകക്ഷികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |