SignIn
Kerala Kaumudi Online
Thursday, 16 July 2026 12.31 AM IST

അഡ്വ. പ്രതാപചന്ദ്രന് ട്രഷറർ സ്ഥാനം വൈകിക്കിട്ടിയ അംഗീകാരം

advprathapachandran

തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ടിലേറെയായി തലസ്ഥാന ജില്ലയിലെ കോൺഗ്രസിന്റെ സജീവമുഖമായ അഡ്വ. വി. പ്രതാപചന്ദ്രന് കെ.പി.സി.സി ട്രഷറർ സ്ഥാനം വൈകിക്കിട്ടിയ അംഗീകാരം. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിന്റെ മുൻനിര പോരാളിയായിരുന്ന പ്രതാപചന്ദ്രൻ, 1971കാലത്ത് പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. പിന്നീടിങ്ങോട്ടും പത്രപ്രവർത്തനരംഗത്തും ട്രേഡ് യൂണിയൻ രംഗത്തും കോൺഗ്രസിന്റെ സജീവമുഖമാണ്. ശക്തമായ അഭിപ്രായം വെട്ടിത്തുറന്ന് പറയാൻ മടിക്കാത്ത പ്രകൃതമാണ് പാർട്ടിക്കുള്ളിൽ പലപ്പോഴും പ്രതാപചന്ദ്രൻ ഒതുക്കപ്പെടാൻ കാരണമായതെന്ന് കരുതുന്നവരേറെ.

സമുന്നത കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജൻ നായരുടെ മകനായിരുന്നിട്ടും അച്ഛന്റെ പേരിൽ ആനുകൂല്യത്തിനായി തല കുനിക്കാൻ പ്രതാപചന്ദ്രൻ ഒരുക്കമായിരുന്നില്ല.

നീലലോഹിതദാസ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ പാലോട് രവിയെ പരാജയപ്പെടുത്തിയാണ് പ്രതാപചന്ദ്രൻ കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റായത്. വിദ്യാർത്ഥി രാഷ്ട്രീയരംഗത്ത് നിന്ന് അവധിയെടുത്ത് ഡൽഹിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷനിൽ ഉപരിപഠനത്തിനായി പോയി. തിരിച്ചെത്തിയ അദ്ദേഹം കോൺഗ്രസ് മുഖപത്രത്തിലും ഐ.എൻ.ടി.യു.സിയിലൂടെ തൊഴിലാളി രംഗത്തും സജീവമായി.

സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രസിഡന്റും ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് ജനറൽസെക്രട്ടറിയുമാണ്. ഗ്രൂപ്പ് അതിപ്രസരങ്ങളിൽ മുങ്ങിപ്പോയ സംസ്ഥാന കോൺഗ്രസിൽ, പ്രതാപചന്ദ്രനെ പോലുള്ള നേതാക്കളെ ഉൾക്കൊള്ളാൻ കെ.പി.സി.സിയുടെ പുതിയ നേതൃത്വം വരേണ്ടിവന്നുവെന്നാണ് കോൺഗ്രസിനകത്തെ സംസാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA