തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര മുഖ്യമന്ത്രി വി.ഡി.സതീശൻ 15ന് ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കൊപ്പം ബസിൽ യാത്ര ചെയ്തുകൊണ്ടാകും പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്യുക. ഗതാഗതമന്ത്രി സി.പി.ജോൺ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു മുമ്പു തന്നെ സൗജന്യം പ്രബല്യത്തിൽ വരും.
15 മുതൽ സ്ത്രീകൾക്കും, ട്രാൻസ്‌ജെൻഡേഴ്സിനും സൗജന്യയാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി. പദ്ധതിയുടെ സാമ്പത്തിക ബാദ്ധ്യത പൂർണമായും സർക്കാർ വഹിക്കുമെന്നും ഉത്തരവിലുണ്ട്. ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപെട്ട ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
യാത്രാസൗജന്യമുള്ള ബസുകളിലെല്ലാം പ്രിയദർശിനി പദ്ധതിയുടെ പ്രത്യേക സ്റ്റിക്കർ പതിക്കും. സൗജന്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ പരമാവധി ഓർഡിനറി ബസുകൾ നിരത്തിൽ ഇറക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
700 ബസുകൾ കട്ടപ്പുറത്ത്
3119 ഓർഡിനറി ബസുകളാണുള്ളത്. ഇവയെല്ലാം ഒരുമിച്ച് നിരത്തിൽ ഇറങ്ങില്ല. 700ലേറെ ബസുകൾ കട്ടപ്പുറത്താണ്. തിരുവനന്തപുരം നഗരത്തിൽ ഓർഡിനറി ബസുകൾക്കു പകരം സിറ്റി ഫാസ്റ്റ് സർവീസുകളാണ് ഉള്ളത്. അതിൽ സൗജന്യമില്ല. വടക്കൻ ജില്ലകളിൽ ബസുകൾ കുറവാണെന്നതും ന്യൂനതയാണ്. സ്ത്രീയാത്രക്കാർ ഏറ്റവും കുടുതലുള്ള മലപ്പുറത്ത് ഓർഡിനറി ബസുകൾ വളരെ കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |